തമിഴ്നാട് ചെങ്കൽപേട്ടിൽ പതിനേഴുകാരനെ കറക്ഷൻ ഹോമിൽ വച്ച് മർദ്ദിച്ചു കൊന്ന കേസിൽ ആറ് ജീവനക്കാർ അറസ്റ്റിൽ. മോഷണക്കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ഗോകുൽശ്രീ എന്ന പതിനേഴുകാരനാണ് കഴിഞ്ഞ മാസം 31ന് കറക്ഷൻ ഹോമിൽ വച്ച് മരിച്ചത്.
ചെങ്കൽപ്പേട്ട്: തമിഴ്നാട് ചെങ്കൽപേട്ടിൽ പതിനേഴുകാരനെ കറക്ഷൻ ഹോമിൽ വച്ച് മർദ്ദിച്ചു കൊന്ന കേസിൽ ആറ് ജീവനക്കാർ അറസ്റ്റിൽ. മോഷണക്കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ഗോകുൽശ്രീ എന്ന പതിനേഴുകാരനാണ് കഴിഞ്ഞ മാസം 31ന് കറക്ഷൻ ഹോമിൽ വച്ച് മരിച്ചത്. കുട്ടിക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെളിവായിരുന്നു.
ചെങ്കൽപ്പേട്ടിലെ കറക്ഷൻ ഹോമിൽ ആറ് മാസത്തോളം അന്തേവാസിയായിരുന്ന പതിനേഴുകാരൻ ഗോകുൽശ്രീ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ താംബരത്തെ റയിൽവേ ട്രാക്കിന് സമീപം സ്ഥാപിച്ചിരുന്ന ഉപകരണങ്ങളുടെ ബാറ്ററി മോഷ്ടിച്ച കേസിൽ ഗോകുൽശ്രീയെ കഴിഞ്ഞ ദിവസം റയിൽവേ സുരക്ഷാ സേന വീണ്ടും അറസ്റ്റ് ചെയ്തു. താംബരം കന്നഡപാളയത്തിനടുത്ത് കുപ്പൈമേട് സ്വദേശിയായ പ്രിയയുടെ ആറ് മക്കളിൽ ഒരാളാണ് ഗോകുൽശ്രീ. അച്ഛൻ പളനി മൂന്ന് വർഷം മുമ്പ് മരിച്ചു.
അറസ്റ്റിലായ കുട്ടിയെ ഡിസംബർ 30ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷം കറക്ഷൻ ഹോമിലേക്ക് അയച്ചു. തൊട്ടടുത്ത ദിവസം ഗോഗുൽശ്രീക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും കറക്ഷൻ ഹോമിലെ ഗാർഡുമാർ വീട്ടിൽ വിളിച്ചറിയിച്ചു. അമ്മ പ്രിയ മകനെ കാണാൻ യാത്രക്കൊരുങ്ങുമ്പോൾ ആരോഗ്യനില ഗുരുതരമാണെന്ന് അറിയിച്ചുകൊണ്ട് വീണ്ടും ഫോൺ സന്ദേശമെത്തി. മിനുട്ടുകൾക്കകം മകൻ മരിച്ചുവെന്നും വന്ന് മൃതദേഹം ഏറ്റുവാങ്ങണമെന്നും വിളിച്ചറിയിച്ചു.
മകന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രിയ ചെങ്കൽപ്പേട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. അസ്വാഭാവിക മരണത്തിന് ചെങ്കൽപ്പേട്ട് സിറ്റി പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന്‍റെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ഗോകുൽശ്രീക്ക് ക്രൂരമായ മർദ്ദനം ഏറ്റിരുന്നുവെന്ന് വെളിവായി. ആയുധം ഉപയോഗിച്ചുള്ള അടിയിൽ ആന്തരികാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
Read more: വടകരയിൽ കടൽത്തീരത്ത് നടക്കുന്നതിനിടയിൽ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു
സംഭവത്തിന് ഉത്തരവാദികളായ ആറ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ചൈൽഡ് ഒബ്സർവേഷൻ സൂപ്രണ്ട് മോഹൻ, ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരായ ചന്ദ്രബാബു, വിദ്യാസാഗർ, ചരൺരാജ്, അനസ്ത് രാജ്, വിജയകുമാർ എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്കൽപ്പേട്ട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ചെയ്ത് ചെങ്കൽപേട്ട് ജില്ലാ ജയിലിലേക്ക് മാറ്റി.
