ചെന്നൈ: ബലാത്സംഗക്കേസില്‍ പ്രതിയായ പതിനേഴുകാരന്‍ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ജീവനൊടുക്കി. ശനിയാഴ്ച തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയോടെ ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. 

ഈ മാസം ഏഴിനാണ് തിരുനെല്‍വേലി പോലീസ് കുട്ടിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. തുടര്‍ന്ന് വയറ് വേദനിക്കുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. എട്ടരയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

തെങ്കാശിക്ക് സമീപം സമ്പവര്‍വടകരൈ സ്വദേശിയായ 48 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മരിച്ചത്. സ്ത്രീ ആടിനെ മേയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതി ആക്രമിച്ചുവെന്നാണ് കേസ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം അതീവ സുരക്ഷാ മേഖലയായ സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ എങ്ങനെ വിഷം വന്നുവെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.