Asianet News MalayalamAsianet News Malayalam

ജീന്‍സ് ധരിച്ചതിന് മുത്തച്ഛനും ബന്ധുക്കളും ചേര്‍ന്ന് പതിനേഴുകാരിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

ബന്ധുക്കള്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം പാലത്തില്‍ തങ്ങി നിന്നത് നാട്ടുകാരാണ് ശ്രദ്ധിക്കുന്നത്. വ്രതം പൂര്‍ത്തിയാക്കിയ ശേഷം പൂജാ സമയത്ത് പതിനേഴുകാരി ജീന്‍സ് ധരിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. 

17 year old girl beaten to death for wearing jeans in Uttar Pradeshs Deoria
Author
Deoria, First Published Jul 27, 2021, 1:25 PM IST

ജീന്‍സ് ധരിച്ചതിന് പതിനേഴുകാരിയെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയിലെ സാവ്റേജി ഗാര്‍ഗ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിനേഴുകാരിയായ നേഹ പാസ്വാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുത്തച്ഛനും അമ്മാവന്‍മാരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി വടി കൊണ്ടുള്ള മര്‍ദ്ദിച്ചുവെന്ന് നേഹയുടെ അമ്മ ശകുന്തളാ ദേവി പാസ്വാന്‍ പറയുന്നു. ഒരു ദിവസം നീണ്ട വ്രതത്തിന് ശേഷം വ്രതത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ പെണ്‍കുട്ടി ജീന്‍സ് ധരിച്ചതാണ് ബന്ധുക്കളെ പ്രകേപിപ്പിച്ചത്.

ഉടനടി വസ്ത്രം മാറിയെത്തണം എന്ന് ബന്ധുക്കള്‍ നേഹയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങിയില്ല ഇതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നാണ് ശകുന്തളാ ദേവി സംഭവത്തക്കുറിച്ച് മാധ്യമങ്ങളോടോ പ്രതികരിക്കുന്നത്. മര്‍ദ്ദനമേറ്റ് പെണ്‍കുട്ടി ബോധം കെട്ടുവീഴുകയായിരുന്നു. ഇതോടെ അമ്മായി അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചു പെണ്‍കുട്ടിയ ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി. ഇവരോടൊപ്പം ചെല്ലാന്‍ വീട്ടുകാര്‍ ശകുന്തളാ ദേവിയെ അനുവദിച്ചില്ല. ഇതോടെ ശകുന്തളാ ദേവി വിവരം തന്‍റെ വീട്ടില്‍ അറിയിക്കുകയായിരുന്നു.

ശകുന്തളാ ദേവിയുടെ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തി തിരഞ്ഞെങ്കിലും നേഹയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം രാവിലെ ഗാണ്ഡക് നദിക്ക് കുറുകെയുള്ള പാലത്തില്‍ ഒരു പെണ്‍കുട്ടി തൂങ്ങിക്കിടക്കുന്ന വിവരമറിഞ്ഞ് ചെന്ന് നോക്കുമ്പോഴാണ് അത് നേഹയാണെന്ന് വ്യക്തമാകുന്നതെന്ന് ശകുന്തളാ ദേവി പറയുന്നു. പെണ്‍കുട്ടി മരിച്ചുപോയതായി കണ്ട ബന്ധുക്കള്‍ കുട്ടിയെ പാലത്തില്‍ നിന്ന് നദിയിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചപ്പോള്‍ പാലത്തിന് അടിയിലുളള കമ്പികളില്‍ മൃതദേഹം ഉടക്കിപ്പോയതാണ് മൃതദേഹം തൂങ്ങിനിന്നതിന് കാരണമായതെന്ന് പൊലീസ് വിശദമാക്കുന്നു.

സംഭവത്തില്‍ നേഹയുടെ മുത്തച്ഛനും അമ്മാവന്മാരും അമ്മായിമാരും അടക്കമുള്ള ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം നാലുപേരം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്. മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലുധിയാനയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് നേഹയുടെ പിതാവ് അമര്‍നാഥ് പാസ്വാന്‍. നേഹയുടെ പഠനം നിര്‍ത്താന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചിരുന്നതായും ശകുന്തളാ ദേവി പൊലീസിനോട് വ്യക്തമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios