വണ്ടൂർ: പാണ്ടിക്കാട് 17-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. കീഴാറ്റൂർ സ്വദേശികളായ മുതിരകുളവൻ മുഹമ്മദ് അൻസാർ (21), തോരക്കാട്ടിൽ ശഫീഖ് (21), പന്തല്ലൂർ ആമക്കാട് സ്വദേശി അബ്ദുറഹീം (23) എന്നിവരാണ് അറസ്റ്റിലായത്. 

പ്രത്യേക അന്വേഷണസംഘത്തിലെ പൊലീസ് ഇൻസ്പെക്ടറായ സുനിൽ പുളിക്കൽ, എസ്ഐ അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. ഇരുപതോളം പേർ കൂടി കേസിൽ ഇനിയും പിടിയിലാകാനുണ്ട്. കഴിഞ്ഞ ദിവസം മേലാറ്റൂർ സ്വദേശി കെ ജിബിൻ ഏലിയാസിനെ അറസ്റ്റ് ചെയ്തിരുന്നു.  

പാണ്ടിക്കാട് സ്വദേശിയായ 17 വയസ്സുകാരി നിരവധി തവണ പീഡനത്തിരയായെന്നാണ് കേസ്. 13 വയസായിരിക്കെ  2016 ലാണ് പെൺകുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തിന് ശേഷം ചൈൽഡ് ലൈൻ ഇടപെട്ട് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കുകയും കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ബന്ധുക്കൾക്ക് തന്നെ കൈമാറി.

 2017 ൽ വീണ്ടും പീഡനത്തിന് ഇരയായതോടെ പെൺകുട്ടിയെ വീണ്ടും ഷെൽട്ടർ ഹോമിലേക്ക് മാറ്റപ്പെട്ടങ്കിലും  കുട്ടിയുടെ സാമൂഹിക അന്തരീക്ഷം സുരക്ഷിതമാണെന്ന ചൈൽഡ് പ്രൊ ട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. തുടർന്ന് കുട്ടി മൂന്നാമതും പീഡനത്തിരയാവുകയായിരുന്നു.