ദില്ലി: ടിക് ടോക് താരം മോഹിത് മോറിനെ കൊലപ്പെടുത്തിയ കേസിൽ ഷാർപ് ഷൂട്ടർമാർ പിടിയിൽ. പഞ്ചാബിലെ ജികാപുരിൽ വച്ചാണ് രണ്ട് പ്രതികളും പൊലീസ് പിടിയിലായത്. പിടിയിലാവുന്നതിന് തൊട്ട് മുമ്പ് പൊലീസ് തങ്ങളുടെ സമീപത്തെത്തിയതായി അറിയിച്ചുകൊണ്ട് പ്രതികളിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വികാസിന്റെ തലക്ക് 1,20,000 രൂപയും രോഹിത് നാഗറിന്റെ തലക്ക് 25,000വും പൊലീസ് വിലയിട്ടിരുന്നു. മോഹിത് മോറിനെ വധിച്ചതടക്കം നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരാണ് പിടിയിലായ പ്രതികൾ. കഴിഞ്ഞ വർഷം മെയ് 21നാണ് ടിക് ടോക് താരവും ജിം ട്രെയ്‌നറുമായിരുന്ന മോഹിത് മോർ ദില്ലിയിലെ നജഫ്ഗഡിലെ ഒരു കടയ്‌ക്കുള്ളിൽ വച്ച് വെടിയേറ്റ് മരിച്ചത്. 

പ്രതികളുടെ സംഘത്തിൽപ്പെട്ട ചിലരുമായി ചേർന്ന് മോഹിത് സ്ഥലക്കച്ചവടം നടത്തിയിരുന്നു. സ്ഥലമിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് പ്രതികൾ മോഹിതിനെ വധിക്കുകയായിരുന്നു. 13 തവണയാണ് പ്രതികൾ മോഹിതിന് നേരെ വെടിയുതിർത്തത്. മോഹിതിന് നേരെ വെടിയുതിർത്ത മൂന്നംഗ സംഘത്തെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ ഉൾപ്പെട്ട മൂന്നാമനെ വൈകാതെ പൊലീസ് പിടികൂടി. ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ല.