എആർഎം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ച പ്രതികളെ മറ്റൊരു സിനിമയുടെ വ്യാജൻ നിർമ്മിക്കുന്നതിനിടെ കൊച്ചി സൈബർ പോലീസ് പിടികൂടി

കൊച്ചി: എആർഎം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ച പ്രതികളെ മറ്റൊരു സിനിമയുടെ വ്യാജൻ നിർമ്മിക്കുന്നതിനിടെ കൊച്ചി സൈബർ പോലീസ് പിടികൂടി. തമിൾ റോക്കേഴ്സ് സംഘാം​ഗങ്ങളായ കുമരേശ്, പ്രവീണ്‍ കുമാർ എന്നിവരാണ് ബാംഗ്ലൂരിൽ നിന്ന് പിടിയിലായത്.

ടൊവിനോ തോമസ് നായകനായ എആർഎം തിയേറ്ററുകളിലെത്തിയ അന്നു തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു. ഏ ആർ എം നിർമ്മാതാക്കളുടെ പരാതിയിൽ ദ്രുതഗതിയിൽ അന്വേഷിച്ച കൊച്ചി സൈബർ പോലീസ് ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പോലീസിന്റെ വലയിൽ വീണത്.

കോയമ്പത്തൂർ എസ്ആർകെ തിയേറ്ററിൽ വച്ചാണ് ഇവർ എആർഎം സിനിമ റെക്കോർഡ് ചെയ്തത്. ടെലഗ്രാമിൽ അപ്ലോഡ് ചെയ്ത് സിനിമ പ്രചരിപ്പിച്ചു. മുൻപും തെന്നിന്ത്യൻ സിനിമകളുടെ വ്യാജ പതിപ്പ് നിർമ്മിച്ച് പണം സമ്പാദിച്ച സംഘത്തിന്റെ ഭാഗമാണ് പിടിയിലായവർ. തമിൾ റോക്കേഴ്സ് ഗ്രൂപ്പിനായി പ്രവർത്തിക്കുന്ന പ്രതികളോടൊപ്പം സുധാകരൻ എന്നൊരാൾ കൂടി ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

Asianet News Live | Navaratri celebration | Malayalam News Live | Latest News Updates |Asianet News