ഹൈദരാബാദ്: ബന്ധുവായ 80കാരനെതിരെ ബലാത്സംഗ പരാതിയുമായി 22കാരി. ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തനിക്ക് മദ്യം നല്‍കി മയക്കിയ ശേഷം ബന്ധു ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച് മോഷ്ടിച്ചുവെന്ന പരാതിയുമായി 80കാരനും പോലീസിനെ സമീപിച്ചിട്ടുണ്ട്.

തെലങ്കാനയിലെ ബഞ്ചാര ഹില്‍സില്‍ ആണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി ഏപ്രില്‍ ആദ്യം ഒരു ആണ്‍സുഹൃത്തിനെയും കൂട്ടി ബന്ധുവായ വൃദ്ധന്‍റെ വീട്ടിലെത്തി. വൃദ്ധന്‍ തന്റെ വീട്ടില്‍ ഇവര്‍ക്ക് താമസ സൗകര്യവും നല്‍കി. 

വീട്ടില്‍ വച്ച് തനിക്കും സുഹൃത്തിനും വൃദ്ധന്‍ മദ്യം നല്‍കിയെന്നും മദ്യലഹരിയിലായിരുന്ന തന്നെ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ വൃദ്ധനെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ബഞ്ചാരഹില്‍സ് ഇന്‍സ്‌പെക്ടര്‍ കലിംഗ റാവു പറഞ്ഞു. 

യുവതി പരാതിപ്പെട്ടതിനു തൊട്ടുപിന്നാലെ വൃദ്ധനും പോലീസിനെ സമീപിച്ചു. തന്റെ കൈവശമുണ്ടായിരുന്ന വിലകൂടിയ വാച്ച് യുവതി മോഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ മൂന്നിനാണ് ബലാത്സംഗത്തിന് ഇരയായതെന്ന് യുവതി പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവര്‍ പരാതി നല്‍കിയത്.