വെള്ളരിക്കുണ്ട്: ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്താനുള്ള യുവാവിന്‍റെ ശ്രമത്തില്‍ നഷ്ടമായത് സഹോദരിയുടെ ജീവന്‍. കാസര്‍കോട് വെള്ളരിക്കുണ്ട് ബളാലിലാണ് സംഭവം. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരിയാണ് ഓഗസ്റ്റ് അഞ്ചിന് മരിച്ചത്. ഛര്‍ദിയും വയറിളക്കവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാറുകാരിക്ക് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് മരിച്ചത്. 

ആന്‍മേരിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ സംഭവത്തിലെ ദുരൂഹതയേക്കുറിച്ച് സൂചന നല്‍കിയത്. ഓഗസ്റ്റ് ആറിന് ബെന്നിയും പിന്നാലെ ബെസിയും സമാനലക്ഷണങ്ങളുമായി ചികിത്സ തേടി. ബെന്നിയെ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതോടെ ചികിത്സയ്ക്കായി കോഴിക്കോടേയ്ക്ക് കൊണ്ടുപോയി. ബെന്നിയുടെ രക്തപരിശോധനയിലും ശരീരത്തിലെ വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും കഴിച്ച ഐസ്ക്രീമിലൂടെയാണ് വിഷാംശം ശരീരത്തിലെത്തിയതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിനിടെ ഭക്ഷ്യവിഷ ബാധയേറ്റെന്ന് അവകാശപ്പെട്ട് കേസില്‍ വെള്ളരിക്കുണ്ട് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ആല്‍ബിനും ആശുപത്രിയിലെത്തി. എന്നാല്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ഒരേ ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് വിഷബാധയേല്‍ക്കുകയും നാലാമന് കുഴപ്പമില്ലാതെ വരികയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് പൊലീസ് ആല്‍ബിനെ ചോദ്യം ചെയ്തത്. ഇതോടെയാണ് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയതാണെന്ന് വ്യക്തമായത്. ഐസ്ക്രീം കഴിച്ച ആല്‍ബിന്‍റെ പിതാവ് ബെന്നി ഗുരുതരാവസ്ഥയിലാണ്. വെള്ളരിക്കുണ്ട് പൊലീസിന്‍റ കസ്റ്റഡിയിലുള്ള ആല്‍ബിന്‍റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇരുപത്തിരണ്ടുകാരനായ ആല്‍ബിന്‍റെ രഹസ്യബന്ധങ്ങള്‍ തുടരാന്‍ കുടുംബം തടസമാകുമെന്ന തോന്നലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. 

ആന്‍മേരി മരിക്കുന്നതിന് നാല് ദിവസം മുന്‍പ് വീട്ടില്‍ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അന്ന് തന്നെ ആന്‍മേരിയും ബെന്നിയും ഐസ്ക്രീം കഴിച്ചിരുന്നു. ആദ്യ ദിവസം തന്നെ ശാരീരികാസ്വാസ്ഥ്യം നേരിട്ട ആന്‍ മേരിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തമാണെന്ന സംശയത്തില്‍ ആന്‍ മേരിക്ക് പച്ച മരുന്ന് നല്‍കിയതായും സൂചനയുണ്ട്. ബുധനാഴ്ചയോടെ അസ്വസ്ഥതകള്‍ രൂക്ഷമായ ആന്‍മേരിയെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയെന്ന വിവരത്തിന് പിന്നാലെ പോലീസ്  ഐക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധന സാമഗ്രഹികള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇവ വാങ്ങിയ ബേക്കറിയിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തിയിരുന്നു.