ദില്ലി: പാര്‍ക്കിലെ ബെഞ്ചില്‍ കാല് കയറ്റിയിരുന്ന യുവാവിന് നേരെ വെടിവയ്പ്. പശ്ചിമ ദില്ലിയിലെ ജനക്പുരി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. പശ്ചിമ ദില്ലിയിലെ മഹാവീര്‍ എന്‍ക്ലേവ് നിവാസിയായ ഇരുപത്തിമൂന്നുകാരന് നേരെയാണ് വെടിവയ്പുണ്ടായത്. 

ആലം എന്ന ഇരുപത്തിമൂന്നുകാരന്‍ ജനക്പൂരി ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്ക് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. അവിടെ എത്തിയ ഒരാള്‍ ആലമിനോട് കാല് താഴെയിട്ട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാതെ യുവാവ് പാര്‍ക്ക് ബെഞ്ചിലിരുന്നു. വന്നയാള്‍ ആലമിനെ അസഭ്യ വര്‍ഷം കൊണ്ട് മൂടിയ ശേഷം മടങ്ങിപ്പോയി. അല്‍പ സമയത്തിന് ശേഷം മറ്റ് രണ്ടുപേര്‍ക്കൊപ്പം ഇയാള്‍ തിരികെ എത്തുകയായിരുന്നു.

വീണ്ടും ആലമിനോട് കാല് താഴ്ത്തിയിടാന്‍ ഇവര്‍ ആവശ്യപ്പെട്ടു. യുവാവ് വഴങ്ങാതെ വന്നതോടെ തര്‍ക്കമായി. ഉന്തും തള്ളുമായി ഇതിനിടയില്‍ മൂവര്‍ സംഘത്തിലൊരാള്‍ ആലമിന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. പരിക്കേറ്റ ആലമിനെ ഹരിനഗറിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. ആലം അപകട തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ പിടിഐയോട് പ്രതികരിച്ചത്. യുവാവിനെ അക്രമിച്ച സംഘത്തിലെ ആളുകള്‍ക്കെതിരെ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് വിശദമാക്കി.