മുംബൈ: ക്രൂരമായ ബലാത്സംഗത്തിന് ശേഷം ഭാരമേറിയ വസ്തുവച്ച് തല തകര്‍ത്ത് ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. നവി മുംബൈയിലെ വാഷിക്ക് സമീപമാണ് ക്രൂരമായ സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ട്രാക്കിന് സമീപം ഗുരുതര പരിക്കുകളോടെ ഇരുപത്തിമൂന്നുകാരിയെ കണ്ടെത്തിയത്. രാവിലെ 6.30 വാഷി റെയില്‍വേ സ്റ്റേഷന്‍ മാനേജരാണ് ക്രീക്ക് പാലത്തിന് സമീപം അതീവ ഗുരുതരാവസ്ഥയില്‍ ഒരു യുവതിയെ കണ്ടെത്തിയ വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുന്നത്.  

ശരീരമാസകലം മുറിവുകളും തലയില്‍ ഒന്നിലേറെ പരിക്കുകളുമായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ വാഷിയിലെ എന്‍എംഎംസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ജെജെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് യുവതി. മുംബൈയിലെ പവായ് മേഖലയില്‍ വീട്ടുവേലയ്ക്ക് പോവുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ടിറ്റ്വാല സ്വദേശിയാണ് യുവതിയുടെ കുടുംബമെന്നാണ് പ്രാഥമിക അനുമാനം. ജോലിക്കിടെ വാരാന്ത്യങ്ങളില്‍ ടിറ്റ്വാലയിലെത്തി യുവതി വീട്ടുകാരെ കാണാറുണ്ടായിരിക്കാമെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. പേരും ടിറ്റ്വാല സ്വദേശിയാണെന്നും മാത്രമാണ് യുവതിയില്‍ നിന്ന് ശേഖരിക്കാനായ വിവരം.

യുവതിയുടെ ബന്ധിക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. കൊലപാതക ശ്രമത്തിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. താനെ, പന്‍വേല്‍, വാഷി സ്റ്റേഷനുകളിലെ സിസിടിവി ഫൂട്ടേജുകളെടുത്ത് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ യുവതി ട്രെയിനില്‍ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.