ബെംഗളുരു: കുടുംബവഴക്കിനിടെ മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ വിവരങ്ങള്‍ പുറത്ത് എത്തിയത്. ബുധനാഴ്ചയാണ് ബെംഗളുരുവിലെ മാറാത്തഹള്ളിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസ് 26കാരിയായ കുഞ്ഞിന്‍റെ അമ്മ സുധയെ ചോദ്യം ചെയ്തിരുന്നു.

ഇതിലാണ് കൊലപാതകം ചെയ്തത് താനാണെന്ന് സുധ കുറ്റസമ്മതം നടത്തുന്നത്. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ കാണാതായി എന്നായിരുന്നു ഇവര്‍ വീട്ടുകാരേയും അയല്‍വാസികളേയും ധരിപ്പിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് മടങ്ങിയെത്തി കുഞ്ഞിനെയും സുധയേയും കാണാതെ അന്വേഷിച്ചപ്പോള്‍ കുഞ്ഞിനെ തെരയുകയാണെന്നായിരുന്നു സുധ പറഞ്ഞത്. ഇതോടെ ഭര്‍ത്താവ് ഈരണ്ണയും ഇവരോടൊപ്പം കുഞ്ഞിനായി തെരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ കുഞ്ഞിനെ കാണാതായതോടെ ഇവര്‍ ജനഭാരതി പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമാക്കി പരാതി നല്‍കിയിരുന്നു. ഉച്ചഭക്ഷണത്തിന് വന്ന ഭര്‍ത്താവ്  ടിവി കാണുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ മകള്‍ പിതാവിന്‍റെ പക്ഷം പിടിച്ചതാണ് പ്രകോപനകാരണം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകളെ കഴുത്ത് ഞെരിച്ച് കൊല ചെയ്ത ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.