കുട്ടി വായിലുണ്ടായിരുന്ന വെള്ളം മുന്‍സീറ്റില്‍ ഇരുന്നവരുടെ മേല്‍ ചീറ്റി. അവിടെ ഇരുന്ന മറ്റ് രണ്ട് കുട്ടികള്‍ എണീറ്റുവന്ന് പരാതിപ്പെട്ടിട്ടും യുവതി ഒന്നും ചെയ്തില്ല
കൊച്ചി: പുതിയതായി ആരംഭിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിലുള്ള കാഴ്ചകൾ പുറത്ത് വന്ന് രണ്ട് ദിവസം കഴിയും മുൻപ് കേരളത്തിൽ വച്ച് വന്ദേഭാരത് യാത്രയ്ക്കിടയിലെ ദുരനുഭവം പങ്കുവച്ച് യാത്രക്കാരൻ. വിൻഡോ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരൻ സീറ്റിലിരുന്ന യുവതിയോടും മക്കളോടും സീറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവങ്ങൾ. സുജില്‍ ചന്ദ്രബോസ് എന്ന യാത്രക്കാരനാണ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ വന്ദേഭാരതിൽ കയറിയത്. സീറ്റ് ബുക്ക് ചെയ്തതാണെന്നും മാറിയിരിക്കാന്‍ കഴിയില്ലെന്നും സുജില്‍ യുവതിയോട് വിശദമാക്കി. കുടുംബമായി യാത്ര ചെയ്യുന്നതിനാൽ ഒന്നിച്ചിരിക്കണമെന്നും ആദ്യമായല്ല ട്രെയിനിൽ കയറുന്നതെന്നുമായിരുന്നു യുവതി യാത്രക്കാരനോട് പറഞ്ഞു.
യാത്ര തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടി സീറ്റിന് മുന്നില്‍ ആഹാരം വയ്ക്കുന്ന ട്രേയില്‍ കയറി നിന്നു.യുവതി ഇത് കാര്യമാക്കാതെ ഫോണിൽ തെരക്കിലായിരുന്നു. കുട്ടി വായിലുണ്ടായിരുന്ന വെള്ളം മുന്‍സീറ്റില്‍ ഇരുന്നവരുടെ മേല്‍ ചീറ്റി. അവിടെ ഇരുന്ന മറ്റ് രണ്ട് കുട്ടികള്‍ എണീറ്റുവന്ന് യുവതിയോട് പരാതിപ്പെട്ടു. കുട്ടിയെ ട്രേയിൽ നിന്ന് ഇറക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി ഗൗനിച്ചില്ല. ഒപ്പമുണ്ടായിരുന്ന കുട്ടി വെള്ളം തുപ്പിയ കുട്ടികളോട് സോറി പറയാന്‍ പോലും തയാറായില്ലെന്നും സുജില്‍ ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. അൽപനേരത്തിന് പിന്നാലെ കുട്ടിയുടെ പാന്റ് അഴിച്ച് ഡയപ്പർ മാറ്റിയ ശേഷം ഉപയോഗിച്ച ഡയപ്പർ ഇരുന്ന സീറ്റിന് താഴെ ഇട്ടു. യുവതിക്കൊപ്പമുള്ള മകൾ ഡയപ്പർ മാറ്റണോയെന്ന് ചോദിച്ചപ്പോൾ ക്ലീനിങ് സ്റ്റാഫ് എടുത്തു കൊള്ളുമെന്നായിരുന്നു യുവതിയുടെ മറുപടി. കൊല്ലം ആയപ്പോഴേയ്ക്കും വിൻഡോ സീറ്റ് ഉപേക്ഷിച്ച് മാറിയെന്നും സുജില്‍ ചന്ദ്രബോസ് വിശദമാക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ മദർഹുഡ് എന്ന പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. സി 11 കോച്ചിലെ 26-27 സീറ്റിലെ യാത്രക്കാരിൽ നിന്നാണ് ദുരനുഭവം നേരിട്ടത്.
യാത്രയ്ക്കിടയിലെ ദുരനുഭവത്തെക്കുറിച്ച് റെയില്‍വേയ്ക്ക് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും സുജില്‍ ചന്ദ്രബോസ് കുറിപ്പിൽ വിശദമാക്കുന്നത്. പൊതുഗതാഗത സൗകര്യം ഉപയോഗിക്കുമ്പോള്‍ അല്‍പംകൂടി മാന്യമായി പെരുമാറാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന ആവശ്യത്തോടെയാണ് കുറിപ്പ്. നിരവധി പേരാണ് കുറിപ്പിന് സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.


