മദ്യ നിരോധിത ലക്ഷദ്വീപിൽ പിവിസി പാക്കറ്റിൽ 200 കുപ്പി മദ്യം, തിരുവനന്തപുരം സ്വദേശികളടക്കമുള്ളവർ പിടിയിൽ
പിവിസി പാക്കറ്റുകളിലായിരുന്നു മദ്യകുപ്പികൾ സൂക്ഷിച്ചിരുന്നത്

കവരത്തി: മദ്യ നിരോധിത മേഖലയായ ലക്ഷദ്വീപിലെ കവരത്തിൽ 200 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിലായി. 180 മില്ലിയുടെ കുപ്പികളാണ് കവരത്തി സി ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. സംഭവത്തിൽ രണ്ട് തിരുവനന്തപുരം സ്വദേശികളടക്കമുള്ളവരാണ് പിടിയിലായത്. കവരത്തി സ്വദേശി മുഹമ്മദ് നസീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ സൈജു , രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പിവിസി പാക്കറ്റുകളിലായിരുന്നു മദ്യകുപ്പികൾ സൂക്ഷിച്ചിരുന്നത്.
അതേസമയം കോഴിക്കോട് നിന്നും ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കട്ടിപ്പാറയിൽ വീണ്ടും വ്യാജ വാറ്റ് പിടിക്കപ്പെട്ടു എന്നതാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിൽ നടത്തിയ റെയ്ഡിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. ചമൽ - ഏട്ടക്ര മദ്യവർജ്ജന സമിതിയും താമരശ്ശേരി എക്സൈസ് റേയ്ഞ്ച് പാർട്ടിയും പ്രിവന്‍റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് വാറ്റ്കേന്ദ്രം കണ്ടെത്തിയത്. ഐ ബി പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് സി ഇ ഒ മാരായ സുരേഷ് ബാബു, നൗഷീർ എന്നിവരും പങ്കെടുത്തു. പ്രതികളെ പറ്റി അന്വേഷണം നടക്കുന്നതായി എക്സൈസ് അറിയിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി തുടർച്ചയായി വ്യാജ വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി നശിപ്പിക്കുകയാണ്. കഴിഞ്ഞാഴ്ചയും സമീപത്തായി വാറ്റ് കേന്ദ്രം കണ്ടെത്തിയിരുന്നു. അതിന് മുൻപ് വാറ്റുന്നതിനിടെ ഒരാളെ എക്സൈസ് പിടികൂടിയത്. കാട് മൂടിയ വനം പ്രദേശങ്ങളിലാണ് വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എക്സൈസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും വാറ്റ് സംഘം രക്ഷപ്പെടുകയാണ് പതിവ്.