തിരുപ്പതി: ക്ഷേത്രത്തിനുള്ളില്‍ പൂജാരി ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശിവക്ഷേത്രത്തിനുള്ളില്‍ മൃതദേഹങ്ങള്‍  കണ്ടെത്തിയതായി ടൈെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ തിങ്കളാഴ്ച രാവിലെ ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരി ശിവരമണി റെഡ്ഡി(70), സഹോദരി കെ കമലമ്മ (75), സത്യലക്ഷ്മിയമ്മ(70) എന്നിവരെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന്‍റെ ഉള്‍വശത്ത് രക്തം തളിച്ചിട്ടുണ്ട്. നരബലിയാകാം എന്നാണ്  സംശയം.

എന്നാല്‍ നിധിവേട്ടക്കാരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ശിവരമണിയും മറ്റ് മൂന്ന് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് താമസിക്കുന്നത്. രാത്രി നിധി തേടിയെത്തിയ മോഷ്ടാക്കള്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം രക്തം തളിച്ചതാവാം എന്നും പൊലീസ് പറയുന്നു. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.