റാഞ്ചി: ജാർഖണ്ഡിൽ 50 കാരിയെ മൂന്നം​ഗ സംഘം അതിക്രൂരമായി കൂട്ടബലാത്സം​ഗം ചെയ്തു. ബലാത്സം​ഗത്തിന് ശേഷം സ്ത്രീയുടെ സ്വകാര്യഭാ​ഗങ്ങളിൽ സ്റ്റീൽ പാത്രം കയറ്റി മുറിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 10ന് ചത്രയിലെ ഹണ്ടെർ​ഗഞ്ജ് മേഖലയിലാണ് സംഭവം നടന്നത്. മൂന്നുപേരും ചേർന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

തുടർന്ന് സ്ത്രീയെ കൂട്ടബലാത്സം​ഗം ചെയ്യുകയും സ്റ്റീൽ പാത്രം സ്വകാര്യഭാ​ഗത്ത് കയറ്റി മുറിപ്പെടുത്തുകയുമായിരുന്നു. സംഭവം പുറംലോകമറിഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇവർ സ്ത്രീയെ ഭീഷണിപ്പെടുത്തി. പിന്നീട് ഇവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ മടങ്ങിവരാതായതോടെ ബന്ധുക്കൾ സ്ത്രീയെ തേടിയിറങ്ങിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു. 

സ്ത്രീ ഇപ്പോൾ ​ഗയയിലെ അനു​ഗ്രഹ് നാരയൺ മ​ഗധ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.