ഗോണ്ട: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ഗോണ്ട നഗരത്തില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 8, 12, 17 എന്നീ പ്രായത്തിലുള്ള സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.കുട്ടികള്‍ ഉറങ്ങുമ്പോഴാണ് ആസിഡ് ഒഴിച്ചത്. 

കുട്ടികളെ ഗോണ്ട ജില്ലാ സര്‍ക്കാര്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ മുഖത്താണ് ആസിഡ് വീണത്. മൂത്ത സഹോദരിക്ക് 30% പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു. മറ്റ് രണ്ട് കുട്ടികളുടെ നില അത്രഗുരുതരമല്ല. ആസിഡ് ആക്രമണം നടത്തിയത് ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളെ ഉടൻ പിടികൂടമെന്ന് പൊലീസ് അറിയിച്ചു.
 
പെണ്‍കുട്ടികള്‍ അവരുടെ വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങുമ്പോഴാണ് ആസിഡ് ആക്രമണം നടന്നത്.  സമീപത്തെ കെട്ടിടത്തിൽ നിന്ന് ഇവരുടെ വീടിലേക്ക് ചാടിക്കയറിയ അജ്ഞാതർ മൂവരുടെയും ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മൂത്ത പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അക്രമികള്‍ വന്നതെന്നാണ് സൂചന.  

കുട്ടികളുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ ഓടിയെത്തി ഇവരെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂത്ത മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് പെണ്‍കുട്ടികളിുടെ പിതാവ് പറയുന്നു. ഒക്ടോബര്‍ 23ന് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങ് നടക്കാനിരിക്കുകയായിരുന്നുവെന്നും അക്രമികളെക്കുറിച്ച് അറിയല്ലെന്നും പിതാവ് പറഞ്ഞു. പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.