Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ വീണ്ടും കൂട്ട ബലാത്സംഗം; ഇത്തവണ ഇരയായത് 30കാരി, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി

പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബമോ യുവതിയോ തയ്യാറായിരുന്നില്ല. എന്നാല്‍, പ്രതികള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. 

30 year old lady gang raped in rajasthan
Author
Pali, First Published Jun 4, 2019, 3:43 PM IST

പാലി(രാജസ്ഥാന്‍)‍: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ആല്‍വാര്‍ സംഭവത്തിന് ശേഷം രാജസ്ഥാനില്‍ വീണ്ടും കൂട്ടബലാത്സംഗം. പാലിയിലാണ് ഇത്തവണ 30കാരി അഞ്ച് പേരുടെ ബലാത്സംഗത്തിനിരയായത്. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പണം വേണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര ബഞ്ജാര(20), ഗോവിന്ദ് ബഞ്ജാര(20), ദിനേഷ് ബഞ്ജാര(20), മഹേന്ദ്ര ബഞ്ജാര(22), സഞ്ജയ് ബഞ്ജാര(25) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. മെയ് 26നാണ് സംഭവം. പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബമോ യുവതിയോ തയ്യാറായിരുന്നില്ല. എന്നാല്‍, പ്രതികള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. അയല്‍വാസിയുമൊത്ത് യുവതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സംഘം തടഞ്ഞുനിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ യുവതിയുടെ ഭര്‍ത്താവ് സംഭവമറിഞ്ഞ് സ്ഥലത്തെത്തി.

യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജിതേന്ദ്രയും മഹേന്ദ്രയും തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റുള്ളവര്‍ മര്‍ദ്ദിക്കുകയും കുറ്റകൃത്യം ചിത്രീകരിക്കുകയും ചെയ്തെന്നാണ് യുവതിയുടെ മൊഴി. യുവതി അബോധാവസ്ഥയിലായതോടെയാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയത്. സംഭവം പുറത്തറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. കൂടെയുണ്ടായിരുന്ന യുവാവിനെയും ഇവര്‍ മര്‍ദ്ദിച്ച് അവശനാക്കി.യുവതി മാനസികാഘാതത്തിലായിരുന്നുതിനാലാണ് പരാതി നല്‍കാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. ഒരു വീഡിയോ കണ്ടെടുത്തിട്ടുണ്ടെന്നും എന്നാല്‍, അതില്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെയും ഇവര്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 5000 രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

ഏപ്രില്‍ 26ന് നടന്ന ആല്‍വാര്‍ സംഭവം രാജസ്ഥാന്‍ സര്‍ക്കാറിനെ ഉലച്ചിരുന്നു. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദളിത് യുവതിയെ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയായിരുന്നു ബലാത്സംഗം ചെയ്തത്. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios