ദില്ലിയിലെ ആദര്‍ശ് നഗറിലെ ഹോട്ടലില്‍ സുഹൃത്തിനെ കാണാനെത്തിയ 32 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയുടെ പരാതിയില്‍ രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി

സുഹൃത്തിനെ കാണാനെത്തിയ യുവതിയെ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തു. ദില്ലിയിലെ ആദര്‍ശ് നഗറിലെ ഹോട്ടലില്‍ സുഹൃത്തിനെ കാണാനെത്തിയ 32 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയുടെ പരാതിയില്‍ രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. 39കാരനും യുവതിയുടെ സുഹൃത്തുമായ അജയ്, 34 കാരനായ താരാ ചന്ദ്, 38കാരനായ നരേഷ് എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച സുഹൃത്തായ അജയുടെ ക്ഷണ പ്രകാരമാണ് യുവതി ഹോട്ടലില്‍ എത്തുന്നത്. ഇവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. യുവതിക്ക് ഇവര്‍ ലഹരി കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കി. ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടേയും വൈദ്യ പരിശോധനയുടേയും അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതിദാരുണം; ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി വടക്ക് പടിഞ്ഞാറ് മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ വിശദമാക്കി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തിരുന്നു. നർത്തകിയായ മകളുമായി സ്റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെ ദിയോഗറില്‍ വച്ച് ബൈക്കിലെത്തിയ യുവാക്കള്‍ അമ്മയെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന ശേഷം മകളെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഝാര്‍ഖണ്ഡ് പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 

ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയില്‍ മൂന്ന് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് രാജ്യ തലസ്ഥാനത്തെ കൂട്ട ബലാത്സംഗം.