ബെംഗളുരു: അയൽക്കാരായ ദമ്പതികളുടെ വഴക്ക് അതിരിവിടുന്നുവെന്ന് കണ്ട് ഇടപെട്ട 35 കാരന് കുത്തേറ്റു. ബെംഗളൂരു ബെലന്ദൂരുവിലാണ് സംഭവം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ ശ്രീനിവാസിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അയൽക്കാരായ പരശുരാമനാഥും ഭാര്യ നിർമ്മലയും തമ്മിലുള്ള വഴക്ക് അർദ്ധരാത്രി കഴിഞ്ഞും തുടർന്നതിനാലാണ് തങ്ങൾ ഇടപെട്ടതെന്ന് ശ്രീനിവാസിന്റെ ഭാര്യ നിർമ്മല പറയുന്നു. പരശുരാമനാഥ് മുൻവശത്തെ മുറിയുടെ വാതിൽ ഇടയ്ക്കിടെ ശക്തിയായി അടക്കുന്നുമുണ്ടായിരുന്നു.

ഉറക്കെ സംസാരിക്കുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിരാവിലെ ജോലിക്ക് പോകേണ്ടതുണ്ടെന്നും പരശുരാമനാഥനെ അറിയിച്ചതാണ് അയാളെ പ്രകോപ്പിച്ചതെന്ന് നിർമ്മല പൊലീസിനോട് പറഞ്ഞു. പരശുരാമനാഥ് തന്നോട് അസഭ്യമായ രീതിയിൽ സംസാരിക്കുന്നത് കേട്ടാണ് ശ്രീനിവാസ് വീടിനു വെളിയിൽ വന്നത്. 

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ശ്രീനിവാസ് ഇയാളോട് പറഞ്ഞു. തുടർന്ന് കത്തിയുമായി വന്ന പരശുരാമനാഥ് ശ്രീനിവാസിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

അയൽക്കാർ ചേർന്ന് ശ്രീനിവാസിനെ ഉടനെ സമീപത്തുളള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്കു വിധേയനായ ശ്രീനിവാസ് ഇപ്പോഴും അത്യാഹിത വിഭാഗത്തിലാണ്. സംഭവത്തിന് ശേഷം ഒളിവിലായ പരശുരാമനാഥിനെ പൊലീസ് തിരയുകയാണ്. ബെലന്ദൂർ പൊലീസാണ് കേസെടുത്തത്.