താനെ: യുവതിയെ കൊലപ്പെടുത്തിയ ശേഷം ശവശരീരം അണക്കെട്ടില്‍ കെട്ടിതാഴ്ത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. നവി മുംബൈയിലെ പനവേലിലാണ് സംഭവം. 27 കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം വലിയ സിമന്റ് കട്ട ഉപയോഗിച്ച്‌ കെട്ടിത്താഴ്ത്തുകയായിരുന്നു. 

സപ്തംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ നിലയില്‍ മൃതദേഹം ഡാമില്‍ പൊന്തുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ക്ക് കൊപ്രാലി ഗ്രാമത്തിലെ 32 കാരനുമായി ഉണ്ടായ അവിഹിതബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് നവി മുംബൈ ഡിസിപി അശോക് ദുബെ മാധ്യമങ്ങളോട് പറഞ്ഞു. 

ഇയാള്‍ യുവതിയില്‍ നിന്ന് നിരവധി തവണ പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ ഈ പണം തിരിച്ചുനല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ നിരന്തരമായി വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു. സപ്തംബര്‍ 15ന് ഇയാള്‍ യുവതിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിമന്റ് കട്ടയില്‍ കെട്ടിയ ശേഷം ഡാമില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കൊലയ്ക്ക് ശേഷം ഏഴുവയസുകാരിയുമായി ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചാതായും മുന്ന് പേര്‍ കൊലപാതകം നടത്താന്‍ സഹായിച്ചതായും പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവരെ സത്താറയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ എല്ലാം പനവേലില്‍ എത്തിച്ച് റിമാന്‍റില്‍ വിട്ടിരിക്കുകയാണ്.