കൊച്ചി: വാടക വീട് നോക്കാനെത്തിയ സ്ത്രീയെ വീട് കാണിക്കാനെന്ന വ്യാജേനെയെത്തി, പൂട്ടിയിട്ട് സ്വർണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ പിടിയിൽ. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനി അശ്വതി, തിരുവനന്തപുരം പേട്ട സ്വദേശി കണ്ണൻ, വടുതല സ്വദേശി മുഹമ്മദ് ബിലാൽ, നോർത്ത് പറവൂർ സ്വദേശിനി ഇന്ദു എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ അ‍ഞ്ചാം തിയ്യതിയാണ് കേസിനാസ്പ്പദമായ സംഭവം. സൗത്ത് റെയിൽവേ സ്റ്റേഷൻ അടുത്ത് മൊണാസ്ട്രി റോഡിൽ വാടകക്ക് വീട് കാണിച്ചുതരാമെന്ന വ്യാജേനെ പ്രതികൾ പരാതിക്കാരിയെ വിളിച്ചുവരുത്തുകയായിരുന്നു. മുറികൾ കാണിക്കാം എന്ന വ്യാജേന ഇവരെ വീടിനകത്ത് കയറ്റിയ പ്രതികൾ മുറി പൂട്ടിയിട്ട ശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ വീടിന് പുറത്തിറങ്ങിയ യുവതി പിന്നീട് സെൻട്രൽ പോലീസിൽ പരാതി നൽകി. ഇതിന്‍റെ

അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണാടിക്കാട് വാടക വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്തതിൽ നിന്ന് കവർച്ച ചെയ്ത ആഭരണങ്ങൾ പൂച്ചാക്കൽ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്ത ശേഷം ചാലക്കുടിയിലെ കൊവിഡ് സെല്ലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.