Asianet News MalayalamAsianet News Malayalam

വലവിരിച്ച് ഹണി ട്രാപ്പ് സംഘം;വീട്ടിലേക്ക് ക്ഷണിച്ച് യുവതി, കത്തിമുനയില്‍ ഭീഷണി,തട്ടിപ്പിനിരയായവരില്‍ ഡോക്ടറും

സംഘത്തില്‍ ഉള്‍പ്പെട്ട യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ അപരിചിതരുമായി സൗഹൃദമുണ്ടാക്കിയശേഷം വ്യത്യസ്ത തീയതികളിലായി ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു

 4 Including A Woman Arrested For Duping People By Blackmailing Them
Author
First Published Sep 15, 2023, 3:53 PM IST

ഭുവനേശ്വര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം ഹണി ട്രാപ്പില്‍ കുടുക്കി നിരവധി പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി ഉള്‍പ്പെടെ നാലു പേരെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു. ഭൂവനേശ്വറിലെ തമാന്‍തോ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അറസ്റ്റ് ചെയ്ത നാലുപേരില്‍നിന്ന് ഒമ്പതു ലക്ഷം രൂപയുടെ ചെക്കും 30000 രൂപയും കത്തിയും രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ചെറുകിട കച്ചവടക്കാരന്‍, ഡോക്ടര്‍, വിദ്യാര്‍ഥി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘം ഹണി ട്രാപ്പില്‍പെടുത്തി ഭീഷണിപ്പെടുത്തി പണം അപഹരിച്ചതെന്ന് എസിപി പ്രദീപ് റൗത്ത് പറഞ്ഞു. 

തട്ടിപ്പ് സംബന്ധിച്ച് തമാന്‍തോ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഘത്തില്‍ ഉള്‍പ്പെട്ട യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ അപരിചിതരുമായി സൗഹൃദമുണ്ടാക്കിയശേഷം വ്യത്യസ്ത തീയതികളിലായി ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് തമാന്‍തോ പോലീസ് ഇന്‍സ്പെക്ടര്‍ സുഭ്രകാന്ത ജെന പറഞ്ഞു. വീട്ടിലെത്തുന്നവരില്‍നിന്ന് സംഘത്തിലെ മറ്റുള്ളവര്‍കൂടി ചേര്‍ന്ന് കത്തി ഉള്‍പ്പെടെ കാണിച്ച് ഭീഷണിപ്പെടുത്തും. തുടര്‍ന്ന് വ്യാജ പീഡന കേസില്‍ ഉള്‍പ്പെടുത്തി സമൂഹമധ്യത്തില്‍ അപമാനിക്കുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്.

ഇരയായ ചെറുകിട കച്ചവടക്കാരന്‍ സെപ്റ്റംബര്‍ രണ്ടിനാണ് യുവതിയുടെ  വീട്ടിലെത്തിയതെന്നും തട്ടിപ്പിനിരയായതെന്നുമാണ് പരാതി. വീട്ടിലെത്തിയ ഉടനെ അവര്‍ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി വാതിലടക്കുകയായിരുന്നു. ഉടനെ തന്നെ രണ്ടുപേര്‍ കൂടി മുറിയിലെത്തി 20,000 രൂപ ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ബലപ്രയോഗത്തിലൂടെ ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ മോതിരവും കൈയിലുണ്ടായിരുന്ന 3300 രൂപയും സംഘം തട്ടിയെടുത്തു.  

സെപ്റ്റംബര്‍ എട്ടിനാണ് ജാജ്പുര്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസറെ സുഖമില്ലെന്ന് പറഞ്ഞ് യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഡോക്ടര്‍ വീട്ടിലെത്തിയ ഉടനെ യുവതിയും ഇവരുടെ ഭര്‍ത്താവും മറ്റു രണ്ടു അനുയായികളും ചേര്‍ന്ന് വാതിലടച്ചശേഷം ഫോണ്‍ തട്ടിയെടുത്തു. കത്തിമുനയില്‍ നിര്‍ത്തിയശേഷം 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വ്യാജ പീഡന കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറുടെ അക്കൗണ്ടില്‍നിന്ന് യുവതി നിര്‍ബന്ധപൂര്‍വം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് യു.പി.ഐ വഴി ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഡോക്ടറുടെ വീട്ടിലെത്തി ഒമ്പതു ലക്ഷം രൂപയുടെ ചെക്കും വാങ്ങിയെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സമാനമായ രീതിയില്‍ മറ്റു പലരും തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്

 

Follow Us:
Download App:
  • android
  • ios