പെൺകുട്ടി ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന പെൺകുട്ടിയെ വീടിനുള്ളിലേക്ക് തന്ത്രപൂർവ്വം വിളിച്ചുകയറ്റിയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദ്: വാടകക്കാരുടെ അഞ്ച് വയസ്സുള്ള മകളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാൽപത്തിയാറ് വയസ്സുള്ള വീട്ടുടമയെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഹൈദരാബാദിലെ കലപ്പാത്തറിൽ ആണ് സംഭവം. ചൊവ്വാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഞായറാഴ്ചാണ് സംഭവം നടന്നത്.
പെൺകുട്ടി ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന പെൺകുട്ടിയെ വീടിനുള്ളിലേക്ക് തന്ത്രപൂർവ്വം വിളിച്ചുകയറ്റിയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ ഇയാൾ കുട്ടിയെ വിട്ടയച്ചു. ജോലിക്ക് പോയിരിക്കുകയായിരുന്ന അമ്മ വന്നപ്പോൾ കുട്ടി തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി.
തൊട്ടടുത്ത ദിവസം ഇയാൾക്കെതിരെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും ഇയാൾ റിമാൻഡിലാണെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. കഴിഞ്ഞ അഞ്ചുവർഷമായി പ്രതിയായ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം.
ഹൈദരാബാദിലെ കൃഷ്ണ ജില്ലയിലും സമാനമായ സംഭവം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പതിനേഴ് വയസ്സുകാരനാണ് അഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചതിന് ശേഷം ഇയാൾ ഓടിപ്പോകുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെങ്കിലും അയൽക്കാർ അതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് കരുതി പ്രതികരിച്ചില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കൾ തിരികെയത്തിയപ്പോളാണ് സംഭവം അറിയുന്നത്. പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിലായ ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
