ബെംഗളൂരു:  വ്യാജ ഡേറ്റിങ് വെബ് സർവീസിൽ രജിസ്റ്റർ ചെയ്ത യുവാവിന് 4.2  ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശിയാണ് തട്ടിപ്പിനിരയായത്. പ്രായം കുറഞ്ഞ യുവതിയുമായി ഡേറ്റിങ് നടത്താമെന്ന് വാഗ്ദാനവുമായി ഡിസംബർ 21 നാണ് ഗ്ലോബൽ വെബ് സർവീസിന്‍റേതെന്ന പേരിൽ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വന്നതെന്ന്  തട്ടിപ്പിനിരയായ 47 കാരൻ പറയുന്നു. അതിൽ നൽകിയ നമ്പറുമായി ബന്ധപ്പെട്ടപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുകയും തന്‍റെ പേര് പായൽ എന്നാണെന്നും വെബ് സർവീസിൽ രജിസ്ട്രർ ചെയ്യുന്നതിനായി ഉടനെ 2000 രൂപ അയക്കണമെന്നറിയിക്കുകയുമായിരുന്നു.

പണം അയച്ചപ്പോൾ അതേ വാട്സ് ആപ്പ് നമ്പറിൽ ഫോട്ടോകൾ അയച്ചുതരുകയും യുവതി ബെംഗളൂരുവിലുണ്ടെന്നും ഉടൻ കാണാൻ കഴിയുമെന്നറിയിക്കുകയും ചെയ്തു. പിന്നീടുളള പത്തു ദിവസങ്ങളിലായി വിവിധ കാരണങ്ങൾ പറഞ്ഞ് യുവതി പണം ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ ബുക്ക് ചെയ്തില്ല, മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല തുടങ്ങിയ കാരണങ്ങൾ നിരത്തി നേരിട്ട് കാണുന്നത് നീട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ഇതിനകം 4.2 ലക്ഷം രൂപ  നെറ്റ്ബാങ്കിങ് വഴിയും ഇ വാലെറ്റ് വഴിയും പല തവണകളായി അയച്ചിരുന്നതായും ഇയാള്‍ പറയുന്നു. ഡിസംബർ 31 ന് ഒരു ലക്ഷം കൂടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തട്ടിപ്പാണെന്നു മനസ്സിലായി  പൊലീസിൽ പരാതി നൽകുന്നത്. യുവാവിന്‍റെ പരാതിയിൽ ബൊമ്മനഹള്ളി പൊലീസ് കേസെടുത്തു.