സംഭവം രാജസ്ഥാനില്‍ ഗെലോട്ട് ഭരണത്തിനെതിരെ സംഭവത്തെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷമുള്ളത്

ദൌസ: രാജസ്ഥാനിൽ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി ആരോപണം. രാജസ്ഥാനിലെ ദൌസയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ദൌസയിലെ ലാല്‍സോട്ട് മേഖലയില്‍ നിന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഭൂപേന്ദർ സിംഗ് എന്ന സബ് ഇന്‍സ്പെക്ടറിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. നാലുവയസുകാരിയെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ആരോപണം. സംഭവത്തില്‍ സബ് ഇൻസ്പെടറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്റ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നാട്ടുകാർ മർദ്ദിക്കുന്ന സാഹചര്യം ഇന്നലെയുണ്ടായിരുന്നു. അതിനിടെ രാജസ്ഥാനില്‍ ഗെലോട്ട് ഭരണത്തിനെതിരെ സംഭവത്തെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപിയുള്ളത്. രൂക്ഷമായ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഉയർത്തുന്നത്. ദളിത് ബാലികയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ ഗെലോട്ട് സർക്കാതിനെതിരെ ജനം ക്ഷുഭിതരാണെന്നാണ് ബിജെപി എംപി കിരോടി ലാല്‍ മീണ വിശദമാക്കുന്നത്.

നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിക്ക് പോലും നീതി ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് എംപി വിമർശിച്ചത്. സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടുമൂലമാണ് പൊലീസ് സ്വയം ഭരണം ആരംഭിക്കുന്നതെന്നും തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇത്തരം അതിക്രമങ്ങള്‍ ചെയ്യുന്നതില്‍ മടി കാണിക്കുന്നില്ലെന്നും കിരോടി ലാല്‍ മീണ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്തെങ്കിലും ആ കുഞ്ഞിന്റെ കുടുംബത്തിന് നീതിക്കായി പ്രവർത്തിക്കുകയാണ് തന്റെ മുന്‍ഗണനയെന്നും മീണ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം