കൊച്ചി: ചോറ്റാനിക്കരക്ക് സമീപം വെണ്ണികുളത്ത് കഞ്ചാവ് സംഘത്തിന്‍റെ കുത്തേറ്റ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കന്യാകുമാരി സ്വദേശി ദിനേശ് ദിവാകരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

ദിനേശിനെ കൊലപ്പെടുത്തിയ കേസിൽ മുളന്തുരുത്തി കോലഞ്ചേരിക്കടവ് ട്രോളിന് സമീപം താമസിക്കുന്ന അതുൽ, തൃപ്പൂണിത്തുറ ചാത്തനാട്ട് സൂരജ്, കതൃക്കടവ് പുല്ലേപ്പടി സ്വദേശി രതീഷ്, തലക്കോട് അശോക് ഭവനിൽ അശോകൻ, തൃപ്പൂണിത്തുറ ഏറായിൽ ഹരീഷ് എന്നിവരെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ അഞ്ച് പേരും സുഹൃത്തുക്കളാണ്. വ്യാഴാഴ്ച രാത്രിയാണ് വെണ്ണികുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മുറിക്ക് സമീപം വച്ച് ദിനേശിന് കുത്തേറ്റത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ...

സംഭവം ദിവസം വരിക്കോലിയിൽ താമസിക്കുന്ന ഹരീഷിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കടുക്കാൻ പ്രതികൾ എത്തി. സ്ക്കൂട്ടർ പഞ്ചറായതിനെ തുടർന്ന് നടന്ന് പോയ അതുൽ, അശോകൻ, രതീഷ് എന്നിവർ വെണ്ണികുളത്തിന് സമീപം വച്ച് ദിനേശനും രണ്ട് സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പറഞ്ഞ് വിട്ടത്. വരിക്കോലിയിലെ വീട്ടിലെത്തിയ ശേഷം അതുലും സൂരജും കത്തിയുമായി വാക്കുത‍ർക്കം നടന്ന സ്ഥലത്ത് തിരികെ എത്തി. ഇരുവരും ചേർന്ന് ദിനേശനെ മർദ്ദിച്ചു. ഇതിനിടെ അതുൽ കത്തികൊണ്ട് ദിനേശന്‍റെ തുടയിൽ കുത്തി. 

തിരികെ എത്തിയ ഇരുവരും കത്തി മുറിയിൽ ഒളിപ്പിച്ചു. ദിനേശൻ മരിച്ചതറിഞ്ഞ് അഞ്ചംഗ സംഘം ഒളിവിൽ പോയി. നടക്കാവിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും എറണാകുളത്തെ കോളനിയിൽ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇവരെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. കഞ്ചാവ് വിൽപ്പനയിൽ അടക്കം ബന്ധമുള്ളവരായതിനാൽ ഇവർക്കെതിരെ വേറെ കേസുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.