തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് കണ്ടെയ്നർ വഴി കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ.  പഞ്ചാബ് സ്വദേശി മൻദീപ് എന്ന രാജുഭയ്യയാണ് പിടിയിലായത്. ഇതോടെ കേസിൽ നേരിട്ട് ബന്ധമുള്ള മുഴുവൻ പേരും പിടിയിലായി.  മൂന്നുമാസത്തിനിടെ തിരുവനന്തപുരം ജില്ലയിൽ മാത്രം 1050 കിലോ കഞ്ചാവ് പിടികൂടിയതി എക്സൈസ് ഗൗരവമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്.

പന്ത്രണ്ട് കണ്ടെയ്നർ ലോറികളുൾപ്പെടുന്ന ട്രാൻസ്പോർട്ട് കമ്പനി സ്വന്തമായുള്ള മൻദീപ് സിങ് കഞ്ചാവ് കടത്ത് കേസിലെ പ്രധാനിയാണ്. ആന്ധ്രയിൽ നിന്നും രഹസ്യഅറയിൽ  കടത്തവേയാണ് എക്സൈസ് 500 കിലോ കഞ്ചാവ് പിടികൂടിയത്. മൻദീപിനെ  മൈസൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശി ജിതിൻരാജും ഈ കേസിൽ പിടിയിലായി.  

മൊത്തം ഏഴ് പേരെയാണ് എക്സൈസ് ഇതിനോടകം പിടികൂടിയത്. കേസിൽ മറ്റു കണ്ണികളുണ്ടെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. പണമിറക്കിയവരെക്കുറിച്ചടക്കം അന്വേഷണം വിപുലൂകരിച്ചു.  ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വലിയ ശൃംഖല തന്നെ കഞ്ചാവ് കടത്തിലുണ്ടെന്ന് കണക്കാക്കിയാണ് അന്വേഷണം.

മൂന്നുമാസം കൊണ്ട് 925 കിലോ കഞ്ചാവാണ് തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം പിടികൂടിയത്.  മറ്റ് അന്വേഷണ സംഘങ്ങളുടേത് കൂടി ചേർന്ന് ഇത് 1050 കിലോ വരും. ഹാഷിഷ് ഓയിലടക്കമുള്ളവ പുറമേയുണ്ട്.