ഭോപ്പാല്‍: ലോക്ഡൗണിനിടെ 53കാരിയായ ബാങ്ക് മാനേജരെ വീട്ടിനുള്ളില്‍ വച്ച് അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. ഭോപ്പാലിലെ സഹ്പുര മേഖലയിലാണ് സംഭവം നടന്നത്. മധ്യപ്രദേശിന്റെ തലസ്ഥാനത്ത് ഇത്തരമൊരു സംഭവം നടന്നത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നുണ്ട്. 

കൊവിഡിനെ തുരത്താന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് 53കാരിക്കുനേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. വീടിനുള്ളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും നിലനില്‍ക്കുന്നുണ്ട് എന്നത് സംഭവം കൂടുതല്‍ ഗൗരവമാക്കുന്നു. 

കാഴ്ച പരിമിതിയുള്ള ഇവര്‍ ദിവസങ്ങളായി തന്റെ ഫഌറ്റില്‍ ഒറ്റക്കാണ് താമസം. ലോക്ഡൗണ്‍ ആയതിനാല്‍ ഭര്‍ത്താവ് രാജസ്ഥാനിലെ തന്റെ വീട്ടില്‍ കൂടുങ്ങിയിരിക്കുകയാണ്. 

രണ്ടാം നിലയിലുള്ള വീട്ടിലെത്താന്‍ ഇയാള്‍ കോണിപ്പടികളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ഫഌറ്റിന്റെ തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറിയെന്നും പൊലീസ് ഓഫീസര്‍ സഞ്ജയ് സാഹു പറഞ്ഞു. സംഭവത്തില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും അന്വേണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.