വിവാഹബന്ധം വേര്‍പെടുത്തി മാതാപിതാക്കള്‍ക്കൊപ്പമാണ് ഷെറിന്‍ ചിത്രഭാനു താമസിച്ചിരുന്നത്

സേലം: ഇരുപത്തിയഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്തി അമ്പത്തിനാലുകാരന്‍ ആത്മഹത്യ ചെയ്തു. വിവാഹം കഴിക്കണം എന്ന ആവശ്യം നിരസിച്ചതാണ് ക്രൂരമായ സംഭവത്തിലേക്ക് വഴിവച്ചത് എന്നാണ് പൊലീസ് പറയുന്നത്. പട്ടാപ്പകല്‍ സേലം നഞ്ച് റോഡ് സോണോ കോളേജ് ബസ് സ്‌റ്റോപ്പിന് സമീപമാണ് ശനിയാഴ്ച സംഭവം നടന്നത് സംഭവം. ഐസ്‌ക്രീം കടയിലെ ജീവനക്കാരിയായ ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന്‍ ചിത്രഭാനു (25)വിനെയാണ് 54കാരനായ ഇനാമുള്ള കുത്തികൊലപ്പെടുത്തിയത്. തുടര്‍ന്ന ഇയാള്‍ ഇതേ കടയില്‍ തൂങ്ങി മരിക്കുകയും ചെയ്തു. 

വിവാഹബന്ധം വേര്‍പെടുത്തി മാതാപിതാക്കള്‍ക്കൊപ്പമാണ് ഷെറിന്‍ ചിത്രഭാനു താമസിച്ചിരുന്നത്. ഇവരുടെ അയല്‍വാസിയായ ഇനാമുള്ളയും വിവാഹ ബന്ധം വേര്‍പിരിഞ്ഞയാളാണ്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല് വിവാഹത്തിന് ഷെറിന്‍ വിസമ്മതിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

സംഭവം പൊലീസ് പറയുന്നത് ഇങ്ങനെ, വിദേശജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍റാണ് ഇനാമുള്ള. ഷെറിനുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. പലവട്ടം വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ കടയില്‍ എത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി. അപ്പോഴും ഷെറിന്‍ സമ്മതം മൂളിയില്ല. 

ഇതോടെ കുപിതനായ പ്രതി കത്തിയെടുത്ത് ഷെറിന്റെ കഴുത്തിലും വയറിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് പരിസര വാസികള്‍ ഓടിയെത്തിയെങ്കിലും ഇമാനുള്ള ഷട്ടര്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. പോലീസ് എത്തിയ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കയറിയത്.