ഇലക്ട്രിക് ടവര്‍ മോഷ്ടിച്ച പ്രതികള്‍, ഇത് വാഹനത്തില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ദിബ്രുഗഢ്: അസമില്‍ 33 കെ.വി. ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ടവര്‍ പൊളിച്ച് കടത്താന്‍ ശ്രമിച്ച ആറുപേരെ പോലീസ് പിടികൂടി.
ശനിയാഴ്ച ദിബ്രുഗഢിലെ ലഹോവാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. ഇലക്ട്രിക് ടവര്‍ മോഷ്ടിച്ച പ്രതികള്‍, ഇത് വാഹനത്തില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ആകാശ് ബരൂഹ, ഹിരണ്യ ഖര്‍ഗോറിയ, ശങ്കര്‍ പാട്ടോര്‍, മോനു മുറ, ധരംബീര്‍ ബുറഗോഹിന്‍, പുലു ഗോഹിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഏകദേശം നാല് ക്വിന്റലോളം വരുന്ന മോഷണമുതല്‍ ഇവരില്‍നിന്ന് കണ്ടെടുത്തതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും ദിബ്രുഗഢ് എസ്.പി. ശ്വേതാങ്ക് മിശ്ര പറഞ്ഞു. ഈ സംഘം ഇത്തരത്തില്‍ മുന്‍പും പൊതുമുതലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കള്ള നമ്പർ പ്ലേറ്റിൽ കറക്കം, ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നു, കേരളം വിട്ട പ്രതി ഒടുവിൽ വലയിൽ
ഹരിപ്പാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്നുകളഞ്ഞ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര കൊടങ്ങവിള കിരൺ നിവാസിൽ പ്രവീൺ (24) ആണ് അറസ്റ്റിലായത്. മാർച്ച് 19ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാർത്തികപ്പള്ളി ജംഗ്ഷന് വടക്കുവശം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്തു വരികയായിരുന്ന വെട്ടുവേനി നിഷാ ഭവനത്തിൽ നിഷയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്.
നേരത്തെ, തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂർ വരവിളകത്തു വീട്ടിൽ ഹക്കീം( 27) നെ കഴിഞ്ഞ ആഴ്ച തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം കായംകുളം എൽഐസി ഓഫീസിൽ പോയി തിരികെ അമ്മയോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു നിഷയെ ദേശീയപാത മുതൽ പിന്തുടർന്ന രണ്ടംഗസംഘം കാർത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച് മാലപൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
തുടർന്ന് ഹൈവേയിൽ എത്തിയ ഇവർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലായിരിന്നു പ്രതികളുടെ യാത്ര. മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രവീൺ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതി പ്രദേശത്തുണ്ടായ കത്തി കുത്തിനെ തുടർന്നാണ് അറസ്റ്റിലായത്.
ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി
നാഗർകോവിൽ: വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും പണവും മോഷണം പോയി. നാഗർകോവിൽ നടുക്കാട്ട് ഇശക്കിയമ്മൻ കോവിലിന് സമീപം ഡോ. ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയ്ക്ക് പോയ ഡോക്ടറുടെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നത്. ഭർത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയാണ് ഡോക്ടർ ജലജ.
ശനിയാഴ്ച രാത്രി ജോലിക്ക് പോയി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നേശമണി പൊലീസിൽ പരാതി നൽകി. ഡി.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. വീടിനെക്കുറിച്ചും ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും വ്യക്തമായി ധാരണയുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
