കൊവിഡ് 19 വ്യാപനം മൂലം പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ സമയം കളയാനായാണ് മാഗ്നെറ്റ് ഫിഷിംഗിന് ഈ ആറുവയസുകാരനുമായി ജൊനാഥന്‍ ബ്രീവറും കുടുംബം നോര്‍ത്ത് കരോലിനയിലെ വിറ്റ്നി തടാകത്തിന് സമീപമെത്തിയത്. 

സൌത്ത് കരോലിന: പത്ത് വര്‍ഷത്തോളം പഴക്കമുള്ള മോഷണക്കേസ് തെളിയിച്ച് ചൂണ്ടയിടാന്‍ പോയ ആറുവയസുകാരന്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിയായ ആറുവയസുകാരന്‍ നോക്സ് ബ്രീവറാണ് ഏറെക്കാലമായി തെളിയാതെ കിടന്ന കേസിന് തുമ്പുണ്ടാക്കിയത്. കൊവിഡ് 19 വ്യാപനം മൂലം പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ സമയം കളയാനായാണ് മാഗ്നെറ്റ് ഫിഷിംഗിന് ഈ ആറുവയസുകാരനുമായി ജൊനാഥന്‍ ബ്രീവറും കുടുംബം നോര്‍ത്ത് കരോലിനയിലെ വിറ്റ്നി തടാകത്തിന് സമീപമെത്തിയത്. 

ചൂണ്ടയില്‍ കാന്തം കൊരുത്ത ശേഷം വെള്ളത്തിലൂടെ വലിച്ച് ഒഴുകി കിടക്കുന്ന മെറ്റല്‍ ഘടകങ്ങള്‍ ശേഖരിക്കുകയായിരുന്നു നോക്സ്. എന്നാല്‍ ചൂണ്ട ചെളിയില്‍ കുടുങ്ങിയതോടെ നോക്സ് കുടുംബത്തിന്‍റെ സഹായം തേടുകയായിരുന്നു. ഏറെ നേരത്തെ പ്രയത്നത്തിന് ശേഷമാണ് ചൂണ്ടക്കൊളുത്ത് വീണ്ടെടുക്കാന്‍ നോക്സിന് കഴിഞ്ഞത്. എന്നാല്‍ ചൂണ്ടയ്ക്കൊപ്പം കിട്ടിയ ചെറിയ ബോക്സ് തുറന്നപ്പോള്‍ നോക്സിന്‍റെ വീട്ടുകാര്‍ അത്ഭുതപ്പെട്ടു പോവുകയായിരുന്നു. 

ആഭരണങ്ങളും ക്രെഡിറ്റ് കാര്‍ഡും ചില രേഖകളുമാണ് നോക്സിന് ചൂണ്ടയില്‍ കിട്ടിയത്. നോക്സിന്‍റെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് വര്‍ഷം മുന്‍പ് മോഷണം പോയ പെട്ടിയാണ് അതെന്ന് കണ്ടെത്തിയത്. തടാകത്തിന് സമീപം താമസിക്കുന്ന ഒരു സ്ത്രീ ഇവ മോഷണം പോയതായി പരാതിപ്പെട്ടിരുന്നു. അവരുടെ വീട്ടില്‍ മോഷണം നടന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.