തിരുവനന്തപുരം: സ്കൂട്ടറില്‍ ചന്ദനത്തടി കടത്താന്‍ ശ്രമിക്കവേ അന്തർ സംസ്ഥാന ചന്ദനത്തടി മോഷ്ടാവ് അറസ്റ്റിലായി. കന്യാകുമാരി തിരുപ്പാലൂർ കുണ്ടുവിള വീട്ടിൽ മുരുകൻ (60) ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട കൂട്ടുപ്രതിയായ തമിഴ്നാട് കുലശേഖരം സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. 

കല്ലമ്പലം പൊലീസ് സബ് ഇൻസ്പെക്ടർ നിജാമും സംഘവും കഴിഞ്ഞ ദിവസം പുലർച്ചെ നാവായിക്കുളത്ത് വാഹനപരിശോധന നടത്തുന്നതിനിടയിൽ പ്രതികൾ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ ബാഗിലും ചാക്കിലും ചന്ദന തടികളുമായി വരുകയായിരുന്നു. സംശയം തോന്നി പൊലീസ് കൈകാണിച്ച സമയം വാഹനം നിർത്തി വാഹനം ഓടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു.

പിറകിലിരുന്നയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ചന്ദനമരം മുറിച്ചുകടത്തുകയായിരുന്നുവെന്ന് മനസ്സിലായത്. ഇയാളെ പൊലീസ് കസ്റ്റടിയിലെടുത്തു. മരം  മുറിക്കാനുപയോഗിച്ച വാളും, ചന്ദന മരങ്ങളും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വാഹനവും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. 

ചന്ദനമരം ഡീസന്റ് മുക്ക് ഐരമൺനില കുന്നുവിള വീട്ടിൽ അൻസാരിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും വീടിന് മുന്നിൽ നിന്ന മരം രാത്രിയിൽ അതി വിദഗ്ധമായി പ്രതികൾ മുറിച്ചു കടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചന്ദന മരത്തിന് 30000 രൂപ വിലവരും. 

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസ് സംശയിക്കുന്നു. കൂട്ടുപ്രതികള്‍ക്കായി  അന്വേഷണം ഊർജിതപ്പെടുത്തി. രണ്ടാഴ്ച്ച മുമ്പ് കുടവൂർ സ്വദേശിയുടെ വസ്തുവിൽ നിന്ന ചന്ദനമരവും രാത്രിയിൽ സമാന രീതിയിൽ ആരോ മുറിച്ചു കടത്തിയിരുന്നു.