പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ 72 വയസ്സുകാരി ജാനു കൊലപ്പെട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. എലപ്പുള്ളി കരിമ്പിയംകോട് സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയ പ്രതി വീട്ടിൽ കവർച്ച നടത്തുന്നതിനിടെ ജാനുവിനെ ശ്വാസം  മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജാനുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനത്തിനിരയായതായി സൂചനയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

എലപ്പുള്ളി പാറ കരിമ്പിയൻകോടുള്ള വീട്ടിൽ  തനിച്ചു താമസിക്കുന്ന ജാനുവിനെ കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജാനുവിന്‍റെ അയൽവാസിയായ ബാബുവിനെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പാലക്കാട് മേനോൻപാറയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

കൊല നടന്ന ദിവസം രാത്രി പണം ആവശ്യപ്പെട്ടാണ് ബാബു ജാനുവിന്‍റെ വീട്ടിലെത്തിയത്. പണം നൽകാനാവില്ലെന്ന് പറഞ്ഞതോടെ സ്വർണ മാല തട്ടിപ്പറിയ്ക്കാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച  ജാനു കട്ടിലിലേയ്ക്ക് തലയടിച്ച് വീണു. പുറകെയെത്തിയ പ്രതി ബാബു ഇവരെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് ഒന്നര പവന്‍റെ മാലയും പണവുമായി രക്ഷപ്പെട്ടു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിപ്പെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണ മാലയും പണവും പ്രതി താമസിച്ചിരുന്ന ബന്ധുവീട്ടിൽ നിന്നും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.