Asianet News MalayalamAsianet News Malayalam

ഞെട്ടല്‍ മാറും മുമ്പേ ഭോപ്പാലില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം ഓവുചാലില്‍ തള്ളി

ബലാത്സംഗത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായി ഒരുമണിക്കൂറിനുള്ളില്‍ പരാതിനല്‍കിയെങ്കിലും പൊലീസ് അവഗണിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 

8 year old girl rape and murdered in bhopal
Author
Bhopal, First Published Jun 9, 2019, 11:31 PM IST

ഭോപ്പാല്‍: അലിഗഢില്‍ രണ്ട് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ഓവുചാലില്‍ തള്ളി. മാതാപിതാക്കളോടൊപ്പം ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായി ഒരുമണിക്കൂറിനുള്ളില്‍ പരാതിനല്‍കിയെങ്കിലും പൊലീസ് അവഗണിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. കുട്ടിയുടെ കൈയില്‍ കെട്ടിയിട്ട അടയാളമുണ്ടെന്ന് അമ്മാവന്‍ ആരോപിച്ചു. ശനിയാഴ്ച വൈകുന്നേരം കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും കുട്ടിയെ തിരഞ്ഞു. കാണാത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. കുട്ടിയെ വീട്ടില്‍ പോയി വിശദമായി തിരയാനായിരുന്നു പൊലീസിന്‍റെ മറുപടി. തുടര്‍ന്ന് രേഖാമൂലം പരാതി നല്‍കി. വീട്ടില്‍ അന്വേഷണത്തിനെത്തിയ പൊലീസ് ഗുഡ്ക തിന്ന് വെള്ളം കുടിച്ച് കുട്ടി രാവിലെ എത്തുമെന്നും പേടിക്കേണ്ടെന്നും പറഞ്ഞ് തിരിച്ചു പോയെന്നും കുടുംബം ആരോപിച്ചു.

ഞായറാഴ്ച രാവിലെയാണ് കുടുംബം താമസിക്കുന്ന ചേരിക്ക് തൊട്ടടുത്തെ ഓടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
പെണ്‍കുട്ടിയെ വീടിന് സമീപം താമസിക്കുന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്നും ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിയുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. 
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടു. ബിജെപി എംപി പ്രഗ്യാസിംഗ് ഠാക്കൂര്‍, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ശിവരാജ് സിംഗ് ചൗഹാനും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

Follow Us:
Download App:
  • android
  • ios