തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ  വൻ കഞ്ചാവ് വേട്ട. 80 കിലോ കഞ്ചാവുമായി നാല് യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്. സജീവൻ, സന്തോഷ്, യദു, ബിജു എന്നിവരാണ് പിടിയിലായത്. ലോക്ക്ഡൗൺ ഇളവുകൾ പ്രയോജനപ്പെടുത്തി പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു  പൊലീസ് പരിശോധന.

ഇരിങ്ങാലക്കുടയിൽ പച്ചക്കറി ലോറി പരിശോധിച്ചപ്പോൾ രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. യദു, ബിജു എന്നിവർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കഞ്ചാവ് മറ്റൊരു വാഹനത്തിൽ കയറ്റി അയച്ചുവെന്ന് വ്യക്തമായത്. തുടർന്ന് ആ വണ്ടിയെ പിന്തുടർന്ന് പുല്ലൂറ്റ് നിന്നും പിടികൂടി.  78 കിലോഗ്രാം കഞ്ചാവാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. തമിഴ് നാട്ടിലെ പല സ്ഥലങ്ങളിൽ നിന്നായി കഞ്ചാവ്  തൃശ്ശൂരിൽ എത്തിച്ച് ആവശ്യക്കാർക്ക് നേരിട്ട് വിപണനം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.

പോലീസ് പരിശോധന കർശനമായതിനാൽ കഞ്ചാവിന്റെ ലഭ്യത വളരെ കുറവാണ് അതുകൊണ്ടു തന്നെ വില കൂടും. ഇതിനാൽ  എന്ത് വില കൊടുത്തും കഞ്ചാവ് കടത്തുകയാണ് മാഫിയ. കേരളത്തിലേക്കും തിരിച്ചും ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്ന വാഹനങ്ങളാണ് ഇക്കൂട്ടർ ഉന്നം വെക്കുന്നത്. ആന്ധ്രയിൽ നിന്നും റോഡ് മാർഗം തമിഴ്നാട്ടിൽ എത്തിക്കുന്ന കഞ്ചാവ് ലോറി, ഡ്രൈവർമാർക്ക് ഉയർന്ന തുക വാഗ്ദാനം ചെയ്താണ് കേരളത്തിലേക്ക് കടത്തുന്നത്. ആഴ്ചകൾക്ക് മുൻപ് തൃശ്ശൂർ നഗരത്തിൽ വച്ച് തണ്ണിമത്തൻ ലോറിയിൽ നിന്നും ക‍ഞ്ചാവ് പാക്കറ്റുകൾ പിടികൂടിയിരുന്നു.