കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ രാമനാഥപുരം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സ്ഥാപനത്തില്‍നിന്ന് രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ച്ച ചെയ്തു.

മുഖം മൂടി ധരിച്ചെത്തിയയാളാണ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കവര്‍ച്ച നടത്തിയത്. ഇയാളുടെ ആക്രമണത്തില്‍ രണ്ട് വനിത ജീവനക്കാര്‍ക്കും പരിക്കേറ്റു. 
812 പവന്‍ സ്വര്‍ണവും ലക്ഷം രൂപയും മോഷണം പോയെന്ന് കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെയും സ്ഥാപനത്തിലെയും സിസിടിവികള്‍ പരിശോധിക്കുകയാണ്. അന്വേഷണത്തിനായി നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

സ്ഥാപനത്തിന്‍റെ ഓഫിസില്‍ മുഖം മറച്ചെത്തിയ മോഷ്ടാവ് ജീവനക്കാരായ ദിവ്യ, രേണുക ദേവി എന്നിവരെ അടിച്ചു വീഴ്ത്തി  ലോക്കറിന്‍റെ താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. യുവതികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വൈകീട്ടോടെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.