ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി

കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും തന്‍റെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ സ്കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കൾ നൽകാറുണ്ടെന്നും പതിനാലുകാരി പൊലീസിന് മൊഴി നൽകി. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ ഇന്നലെ ആണ് ഹെഡ്രെജന്‍ പെറോക്സൈഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഒരുവര്‍ഷത്തിലേറെയായി എം ഡി എം.എ ഉപയോഗിക്കാറുണ്ടെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം ഇത് നല്‍കിയതെന്നും പോലീസിനോട് പറഞ്ഞു. സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നും പുറത്ത് നിന്നുള്ളവരാണ് സ്കൂള്‍ കവാടത്തില്‍ എത്തിച്ച് നൽകുന്നത് എന്നും പെണ്‍കുട്ടി നൽകിയ മൊഴിയിലുണ്ട്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി വീണ്ടും പരിശോധിക്കുമെന്നും രക്തസാമ്പിൾ ഉൾപ്പെടെ രാസ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും പൊലീസ്.

Read more: റഷ്യൻ യുവതിയെ മർദ്ദിച്ച ആഖിൽ ലഹരിമരുന്നിന് അടിമയെന്ന് മാതാപിതാക്കൾ; ഇരുവരും നാട്ടിലെത്തിയത് വിവാഹിതരാകാൻ

YouTube video player