കൊല്ലം: കോയിവിളയില്‍ യുവാവിനെ സംഘംചേർന്ന് കായലിൽ മുക്കിക്കൊല്ലാൻ ശ്രമം. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് കായലില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ശ്വാസകോശത്തിൽ ചെളിയും ഉപ്പുവെള്ളവും കയറിയ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കേസിലെ മുഖ്യപ്രതിയും വിദേശത്ത് നിന്നും എത്തി നിരിക്ഷണം കഴിഞ്ഞ പ്രവാസിയും രണ്ട് സുഹൃത്തുകളും ചേര്‍ന്ന് കോയിവിള സ്വദേശിയായ അല്‍വിനെ മര്‍ദ്ദിച്ചു എന്നാണ് പരാതി. ആദ്യം അഷ്ടമുടിക്കായലിന്‍റെ തീരത്ത് വച്ചും പിന്നിട് കായലിലേക്ക് വലിച്ചിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. കായലില്‍ വച്ച് ഏകദേശം അരമണിക്കൂര്‍ മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് തീരത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. നാട്ടുകാര്‍ എത്തിയാണ് മൂന്നംഗ സംഘത്തിന്‍റെ മര്‍ദ്ദനത്തില്‍ നിന്നും ആല്‍വിനെ രക്ഷിച്ചത്.

കായലില്‍ വച്ചുണ്ടായ മര്‍ദ്ദനത്തില്‍ അല്‍വിന്‍റെ ശ്വാസകോശത്തില്‍ ഉപ്പം വെള്ളം കയറി. ശാരീരിക അസ്വസ്തത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍വിന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധക്കുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിലാണ്. മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്തു. മര്‍ദ്ദിച്ച സംഘം ഒളിവിലാണ്. 

കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സ്വന്തം ഇഷ്ടപ്രകാരം കട്ടിലുകള്‍ വാങ്ങി; പടിഞ്ഞാറത്തറ പഞ്ചായത്തില്‍ വിവാദം