കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ അമിതവേഗതയിൽ എത്തിയ ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ബൈക്ക് യാത്രക്കാരൻ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ചികിത്സക്ക് വേണ്ടി  മംഗളൂരുവിലേക്ക് കോണ്ടുപോകാൻ മംഗളൂരു പൊലീസ് അനുവദിച്ചില്ല. തലപ്പാടിയിൽ കർണാടക പൊലീസ് തടഞ്ഞ്  തിരിച്ചയച്ചു.

എആർ ക്യാംപിലെ പൊലീസുകാരൻ കാലിക്കടവിലെ സനൂപിനാണ് ബൈക്കിടിച്ച് പരിക്കേറ്റത്. വൈകീട്ട് ആറരയോടെ ഉളിയത്തടുക്കയിലാണ് അപകടമുണ്ടായത്. ലോക് ഡൗണിന്റെ ഭാഗമായി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന സനൂപ് ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ബൈക്കിലെത്തി ആള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മധൂർ സ്വദേശി അമാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.