തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെന്ന വ്യാജേന വീടുകളിലെത്തിയ ആള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് വ്യാപക പരാതി. അജ്ഞാതനായ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് നിരവധി പേര്‍ പരാതിപ്പെട്ടത്. സംഭവത്തില്‍ മാരായമുട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

നെയ്യാറ്റിന്‍കര മരുതത്തൂര്‍, കണ്ണന്‍കുഴി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ നിരവധി വീടുകളിലെത്തിയാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പിച്ചശേഷം മുറി തുറക്കാനും ശരീരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായാണ് പരാതി. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഇയാള്‍ വീടു വിട്ട് ഇറങ്ങിയെന്നും പരാതിയില്‍ പറയുന്നു.

ഇരുചക്രവാഹനത്തിലാണ് ഇയാളുടെ സഞ്ചാരം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച മാരായമുട്ടം പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി അന്വേഷണം തുടങ്ങിയിട്ടുണ്ട്.