പാലക്കാട് മിഷൻ സ്കൂൾ പരിസരത്ത് ലോട്ടറി വിൽപനക്കാരനായ 76 കാരൻ പിരായിരി സ്വദേശി ചന്ദ്രനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്
പാലക്കാട്: ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതിയെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടി. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി ബൈജു എന്ന മുന്ന (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പാലക്കാട് മിഷൻ സ്കൂൾ പരിസരത്ത് ലോട്ടറി വിൽപനക്കാരനായ 76 കാരൻ പിരായിരി സ്വദേശി ചന്ദ്രനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ചന്ദ്രന്റെ പക്കൽ നിന്ന് പ്രതി ബൈജു ലോട്ടറിയെടുത്തിരുന്നു. ഇതിന്റെ പണം നൽകാമെന്ന് പറഞ്ഞ് തന്റെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി. പിന്നീട് പാലക്കാട് യാക്കര ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ചന്ദ്രന്റെ ഇടത് കൈക്ക് പരിക്കേൽപ്പിക്കുകയും ഷർട്ട് വലിച്ച് കീറി തള്ളിയിടുകയും ചെയ്തു. ചന്ദ്രന്റെ പക്കലുണ്ടായിരുന്ന 19000 രൂപയും 6500 രൂപയുടെ ലോട്ടറി ടിക്കറ്റും ബൈജു തട്ടിയെടുത്തു. ചന്ദ്രൻ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പൊലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങിയത്. ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ വി ഹേമലത, എം അജാസുദ്ദീൻ, എഎസ്ഐ കെ രതീഷ്, സീനിയർ സിപിഒമാരായ കെ സി ഷൈജു, ബി ശശികുമാർ, പ്രജീഷ്, സിപിഒ ജിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
