അഭിജിത്ത് ഒരു മോഷണ കേസിലും നാല് ലഹരി കേസിലും പ്രതിയാണ്. മരിച്ച ആദർശ് രണ്ട് ലഹരി കേസുകളിലെ പ്രതിയാണ്. ബൈക്ക് പണയം കൊടുത്തത് ആയി ബന്ധപ്പെട്ടുള്ള സാമ്പത്തിക തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി അഭിജിത്തും മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. അഭിജിത്ത് ഒരു മോഷണ കേസിലും നാല് ലഹരി കേസിലും പ്രതിയാണ്. മരിച്ച ആദർശ് രണ്ട് ലഹരി കേസുകളിലെ പ്രതിയാണ്. ബൈക്ക് പണയം കൊടുത്തത് ആയി ബന്ധപ്പെട്ടുള്ള സാമ്പത്തിക തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുതുപ്പള്ളി മാങ്ങാനം സ്വദേശിയാണ് മരിച്ച ആദർശ്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. അനിൽകുമാറിന്റെ വീടിന് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രി ആദർശും സുഹൃത്തുക്കളും അനിൽകുമാറിന്റെ വീട്ടിലെത്തി. തർക്കം സംഘർഷത്തിലേക്ക് നയിക്കുകയും തുടർന്ന് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. അനിൽകുമാറിന്റെ മകൻ അഭിജിത്താണ് കത്തി കൊണ്ട് കുത്തിയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസെത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അഭിജിത്തും ആദർശും തമ്മിലുളള സാമ്പത്തിക പ്രശ്നത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പൊലീസ് അറിയിച്ചു. അഭിജിത്തിനെയും അനിൽകുമാറിനെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മരിച്ച ആദർശിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.


