കൊച്ചി: എറണാകുളം കാക്കനാട് പതിനേഴ് വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി സൂചന. യുവാവിനെ അറിയുന്ന അയൽവാസികളാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. അതേസമയം കഴിഞ്ഞ ശനിയാഴ്ച യുവാവ് നൽകിയ മൊബൈൽ ഫോൺ പെൺകുട്ടി നിരസിച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

ഇന്നലെയാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് കാക്കനാട് അത്താണിയിൽ പെൺകുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദേവികയും മിഥുനും തമ്മിൽ അടുപ്പത്തിലായിരുന്ന വിവരം അയൽ വാസികളും സുഹൃത്തുക്കളും അറിയുന്നത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. 

ആരോടും അധികം തുറന്ന് സംസാരിക്കാത്ത പ്രകൃതമായിരുന്നു കൊല്ലപ്പെട്ട ദേവികയുടേത്. എന്നാൽ മിഥുന്‍റെ ഭാഗത്ത് നിന്ന് ഭീഷണി രൂക്ഷമായതോടെയാണ് സുഹൃത്തുക്കളോട് ദേവിക കാര്യങ്ങൾ തുറന്ന് പറഞ്ഞു. എന്നാൽ അന്ന് രാത്രിയിൽ തന്നെ ദാരുണമായി മരണത്തിന് കീഴടങ്ങാനായിരുന്നു ദേവികയുടെ വിധി. 

കഴിഞ്ഞ ശനിയാഴ്ച ദേവികയ്ക്ക് നൽകാനായി മൊബൈൽ ഫോണുമായി മിഥുൻ എത്തിയിരുന്നു. എന്നാൽ ഫോൺ സ്വീകരിക്കാൻ ദേവിക തയ്യാറായില്ല. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. താന്‍ ആത്മഹത്യ ചെയ്യുമെന്ന് മിഥുൻ പലതവണ കൂട്ടുകാരോടും മറ്റും  പറഞ്ഞിരുന്നു. ദേവികയുടെ അമ്മയുമായി വാക്കു തർക്കം ഉണ്ടായതിന് ശേഷം മിഥുൻ അസ്വസ്ഥനായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുക്കൾ പറയുന്നു. 

ദേവികയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുറച്ചാണ് മിഥുൻ ഇന്നലെ പെൺകുട്ടിയുടെ വീട്ടിലെത്തിയതും. പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്പത് ശതമാനം പൊള്ളലേറ്റ അച്ഛൻ ഷാലറ്റ് ഇപ്പോഴും ചികിത്സിയിലാണ്. പെണ്‍കുട്ടിക്കൊപ്പം പ്രതിയും മരിച്ചതോടെ കേസന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം