തിരുവനന്തപുരം: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ജയിലിൽ തിരിച്ചു പ്രവേശിക്കേണ്ട ദിവസം തൂങ്ങിമരിച്ചു. തിരുവനന്തപുരം വിളപ്പിൽശാല കടുവാക്കോണം സ്വദേശി ഷിജുവാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അനുവദിച്ച പരോൾ കാലാവധി തീർന്നതിന്റെ  മനോവിഷമത്തിലായിരിക്കാം ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. 

വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മരത്തിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു ഷിജു. ഇയാളെ കാണാതായതോടെ സഹോദരന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരനായിരുന്നു ഇയാൾ. 2003 ൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതിയാണ് ഷിജു.