ബെവ്ക്കോ, കെടിഡിസി എന്നീ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി എന്നാണ് രതീഷിനെതിരായ കേസ്. രതീഷ് ഒളിവിലായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് നെയ്യാറ്റിൻകര പൊലിസിന്റെ വാദം.
തിരുവനന്തപുരം: ഒളിവിലാണെന്നു പൊലീസ് പറയുന്ന പ്രതിയും പൊലീസുകാരുമായി പരസ്യമായി വാക്കുതർക്കം. സരിത എസ് നായരുള്‍പ്പെടുന്ന നിയമന തട്ടിപ്പു കേസിലെ പ്രതിയും പഞ്ചായത്തംഗവുമായ രതീഷും മാരായമുട്ടം പൊലിസും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
ബെവ്ക്കോ, കെടിഡിസി എന്നീ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി എന്നാണ് രതീഷിനെതിരായ കേസ്. രതീഷ് ഒളിവിലായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് നെയ്യാറ്റിൻകര പൊലിസിന്റെ വാദം. എന്നാൽ ഇതേ പ്രതി തന്നെയാണ് പാലിയോട് മണവാരിയിൽ പൊലീസുമായി പരസ്യമായ വാക്കുതർക്കത്തില്‍ ഏര്‍പ്പെട്ടത്.
അനധികൃതമായി സ്ഥാപിച്ച ഒരു പള്ളിയുടെ ബോർഡ് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് പ്രകാരം എടുത്തുമാറ്റാൻ എത്തിയ പൊലീസുകാരോടായിരുന്നു പഞ്ചായത്ത് അംഗം കൂടിയായ രതീഷിന്‍റെ നേതൃത്വത്തിലുളള വാക്കേറ്റം.
ഒളിവിലിരിക്കെ തന്നെയാണ് ഒരു മാസം മുൻപ് പൊലീസിന്റെ കൺമുന്നിൽ രതീഷ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടി സത്യപ്രതിജ്ഞ ചെയ്തത്. അതിനു ശേഷവും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചില നാട്ടുകാരാണ് ബോർഡ് സ്ഥാപിക്കുന്നതിനെതിരെ പ്രശ്നമുണ്ടാക്കിയതെന്നും പഞ്ചായത്തംഗം ഉണ്ടോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നുമാണ് മാരായമുട്ടം പൊലീസിന്റെ വിശദീകരണം.
