ചെറുപുഴ: കണ്ണൂർ ചെറുപുഴയിൽ വീട്ടമ്മയെ കുത്തിക്കൊന്ന പ്രതി സുഹൃത്തിനൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുഹൃത്ത് നീതു മരിച്ചെങ്കിലും ബിനോയ് അപകടനില തരണം ചെയ്തു. കഴിഞ്ഞ ഞാറാഴ്ചയാണ് വല്യമ്മയായ റാഹേലിനെ കുത്തി കൊലപ്പെടുത്തി ശേഷം ബിനോയ് നാട്ടിൽ നിന്ന് മുങ്ങിയത്.

ചെറുപുഴ സ്വദേശി റാഹേലിനെ കുത്തിക്കൊലപ്പെടുത്തുകയും ഭർത്താവിനെയും മകനെയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബിനോയ്. ഇയാളുടെ കാമുകിയാണ് നീതു. തങ്ങൾ മരിക്കാൻ പോവുകയാണെന്ന് നീതു പലരോടും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു.

വിവരം പൊലീസിനെ അറിയിച്ചതിനെ തുട‍ർന്ന് ടവർ ലൊക്കേഷൻ എടുത്തിരുന്നു. ഇതനുസരിച്ച് നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ തെരച്ചിലിൽ ഇരുവരെയും താമസിച്ചിരുന്ന വീടിനു അടുത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നീതു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഉടന്‍ ബിനോയിയെ ചെറുപുഴ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബിനോയ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട റാഹേലിന്‍റെ ഭ‍ർത്തൃ സഹോദരന്‍റെ മകനാണ് ബിനോയ്. സ്വന്തം സഹോദരനെ കൊന്ന കേസിലെ പ്രതി കൂടിയാണ് ബിനോയ്. ഈ കേസിൽ സാക്ഷി പറഞ്ഞതിനാണ് പരോളിനിറങ്ങിയ ബിനോയ് റാഹേലിനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ റാഹേലിന്‍റെ ഭർത്താവും മകനും ചികിത്സയിലാണ്.