ജാന്‍ ബീവിയെ സ്‌നേഹിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മതം മാറി ബഷീര്‍ എന്ന പേര് സ്വീകരിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോഴെല്ലാം ജാന്‍ ബീവി ഒഴിഞ്ഞുമാറി. 

പാലക്കാട്: യുവതിയെ (Jan Beevi Murder case) വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം പൊലീസിന് (Police) മുന്നില്‍ വെളിപ്പെടുത്തി പ്രതിയും യുവതിയുടെ കൂടെ താമസിച്ചിരുന്നയാളുമായ ബഷീര്‍ എന്ന അയ്യപ്പന്‍ (Bsaher alias Ayyappan). മറ്റൊരു യുവാവുമായി യുവതിക്കുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആസൂത്രിതമായാണ് ജാന്‍ ബീവിയെ ഇയാള്‍ കൊലപ്പെടുത്തിയത്. നേരത്തെയും കൊലപാതകത്തിന് ശ്രമിച്ചു. അന്നൊന്നും സാഹചര്യമൊത്തുവന്നില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ജാന്‍ ബീവിക്ക് മറ്റൊരുയുവാവുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജാന്‍ ബീവിയെ സ്‌നേഹിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മതം മാറി ബഷീര്‍ എന്ന പേര് സ്വീകരിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോഴെല്ലാം ജാന്‍ ബീവി ഒഴിഞ്ഞുമാറി. ഇത് സംശയത്തിനിടയാക്കി. ജാന്‍ ബീവിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് മനസ്സിലായി. ബന്ധം ഒഴിയാന്‍ നിരവധി തവണ ആവശ്യപ്പെട്ടു. യുവതി വഴങ്ങാത്തതോടെ പകയായി. 10 വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും തന്നെ യുവതി വഞ്ചിക്കുകയാണെന്ന് തോന്നിയതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ഇയാള്‍ ഏത് സമയവും ആക്രമിക്കുമെന്ന് ജാന്‍ ബീവിക്കും അറിയാമായിരുന്നു. അതുകൊണ്ട് കരുതലോടെയാണ് അവരും ജീവിച്ചത്.

എന്നാല്‍ വെള്ളിയാഴ്ച ജാന്‍ ബീവിയെ ഇയാള്‍ വെട്ടിക്കൊന്നു. രാത്രിയില്‍ ചോറക്കാട് കനാല്‍ കരയില്‍ ഇരുന്ന് മദ്യപിച്ചു. പിന്നാലെ തര്‍ക്കമായി. ജാന്‍ ബീവിയെ അടിച്ചുവീഴ്ത്തി തലമണ്ണില്‍ ചേര്‍ത്ത് കഴുത്തില്‍ തുരെതുരെ വെട്ടുകയായിരുന്നു. കൊല നടത്തിയ ശേഷം ഇരുചക്രവാഹനത്തില്‍ അതിര്‍ത്തി കടന്ന് മധുരയിലെത്തി. പൊലീസ് പിന്നാലെയുണ്ടെന്ന് ഇയാള്‍ക്ക് അറിയമായിരുന്നു. കീഴടങ്ങാനുള്ള മാനസികാവസ്ഥയിലായിരുന്നു ഇയാള്‍. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് വിശദമായി തെളിവെടുത്തു.