കൊച്ചി: മറൈൻ ഡ്രൈവിൽ കൊല്ലം സ്വദേശിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. വടക്കൻ പറവൂര്‍ സ്വദേശി രാജേഷിനെയാണ് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയത്. മുന്‍ രാഷട്രപതി എപിജെ അബ്ദുൽ കലാമിന്റെ ആരാധനകനായിരുന്ന ശിവദാസനെയാണ് കഴിഞ്ഞ ദിവസം കലാം വാക് വേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മറൈൻ ഡ്രൈവിലെ അബ്ദുൽ കലാമിന്റെ പ്രതിമയ്ക്ക് മുന്നിൽ ദിവസവും പൂക്കൾ അര്‍പ്പിച്ചിരുന്ന ശിവദാസനെ ഇക്കഴിഞ്ഞ 16നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ഇത് കൊലപാതകമെന്ന് തെളിഞ്ഞു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടി എന്ന് വിളിക്കുന്ന രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവദാസന്റെ നെഞ്ചിലേറ്റ ശക്തമായ ചവിട്ടാണ് മരണ കാരണമെന്നാണ് പോസ്റ്റുമോ‍ർട്ടം റിപ്പോര്‍ട്ട്. പ്രതിയെ കൊലപാതകം നടന്ന മറൈൻ ഡ്രൈവിലെ വാക് വേയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശിവദാസനോടുള്ള അസൂയയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും മറ്റുള്ളവരുടെ മേൽ കുറ്റം ചാര്‍ത്താനും പ്രതി ശ്രമിച്ചു. പിടിയിലായ രാജേഷ് മറൈന്‍ ഡ്രൈവിലെത്തുന്ന സഞ്ചാരികളെയും ഉപദ്രവിക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.