ഇടുക്കി: കമ്പംമേട്ടിനടുത്ത് തണ്ണിപ്പാറയിൽ അയൽവാസിയെ കോടാലികൊണ്ടു അടിച്ചുകൊന്ന കേസിലെ പ്രതി ജോർജിനെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ജോർജ് അയൽവാസിയായ രാമഭദ്രനെ കൊന്നത്.

 പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്ത കമ്പംമെട്ട് പൊലീസ്,  പ്രതി ഒളിപ്പിച്ചുവച്ച ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. തുടർന്ന് കൊവിഡ് പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന രാമഭദ്രനും ജോര്‍ജുകുട്ടിയും ദിവസവും രാത്രികാലങ്ങളില്‍ ചീട്ടു കളിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ചീട്ടുകളിക്കിടെ മദ്യപിച്ച ശേഷം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. രാമഭദ്രനെ ജോര്‍ജ് കുട്ടി കോടാലികൊണ്ട് തലയ്ക്ക് അടിക്കുകയും ചവിട്ടി  വീഴ്ത്തുകയുമായിരുന്നു.

പരിക്കേറ്റ ജോര്‍ജ്ജുകുട്ടി ആശുപത്രിയില്‍ പോകുന്നതിനായി അനുജന്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തിയ കമ്പംമെട്ട് പോലീസ് രാമഭദ്രനെ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.  വ്യാജമദ്യം നിര്‍മിച്ച് കഴിച്ച ശേഷമായിരുന്നു ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.