വര്‍ക്കല: റിമാൻഡ് പ്രതി കൊവിഡ് 19 നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. മാല മോഷണ കേസിൽ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത വിഷ്ണുവെന പ്രതിയാണ് രക്ഷപ്പെട്ടത്. വർക്കലയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ കുണ്ടമൺകടവിൽ ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹെൽത്ത് ഡയറക്ട്രേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാറിന്‍റെ (54) മൃതദേഹം മങ്കാട്ട്ക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. സഹപ്രവർത്തകന്‍റെ അച്ഛന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെ വീട്ടിൽ നിന്ന് കാണാതായ കൃഷ്ണകുമാറിന്‍റെ ചെരുപ്പ് കുണ്ടമൺകടവിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ആറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. രോഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് കൃഷ്ണകുമാര്‍  ആറ്റിൽ ചാടിയത്.